കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. മുഖ്യപ്രതി സുനില്‍ കുമാറിന് ദിലീപ്, നാദിര്‍ഷ എന്നിവരുമായി മുന്‍ പരിചയമുണ്ടായിരുന്നോ, സിനിമാ സെറ്റുകളില്‍ എത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ദിലീപിന്റെ സഹോദരന്‍ അനൂപ് എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പൊലീസ് കസ്റ്റഡിയിലുള്ള സുനില്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി പൊലീസ് പുതിയ കര്‍മപദ്ധതി തയാറാക്കി. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ അറസ്റ്റുകള്‍ക്ക് സമയമായിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി അറിയിച്ചു. ദീലീപിനും നാദിര്‍ഷക്കും ഗൂഡാലോചനയില്‍ പങ്കുണ്ട് എന്ന് തെളിയിക്കുന്ന നേരിട്ടുളള തെളിവ് നിലവില്‍ കിട്ടിയിട്ടില്ല. എന്നാല്‍ സുനില്‍ കുമാറുമായി സംസാരിച്ചതിന്റെയും ആരോപണ വിധേയരില്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ക്കുമുമ്പേതന്നെ ഇയാളുമായി ബന്ധമുണ്ടായിരുന്നു എന്നും തെളിയിക്കുന്ന മൊഴികളും രേഖകളും കിട്ടിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് ഇവരുമായി ബന്ധമുണ്ട് എന്ന് നേരിട്ട് സ്ഥാപിക്കാനുളള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇതിനിടെ ദീലീപിനേയും നാദിഷയേയും വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് ചോദ്യാവലിയും തയാറാക്കുന്നുണ്ട്. കഴിഞ്ഞ ചോദ്യം ചെയ്യലിനുശേഷം ലഭിച്ച തെളിവുകളുടെ അടിസ്ഥാനമാക്കിയാകും മൊഴിയെടുക്കുക.
