പാലക്കാട്: പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീട്ടുകാരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. പാലന ആശുപത്രിയില്‍ രണ്ട് മാസത്തിനിടെ രണ്ട് നഴ്‌സുമാര്‍ ആത്മഹത്യ ചെയ്യുകയും രണ്ട് പേര്‍ ആത്മഹത്യാശ്രമം നടത്തുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചത്. അതിനിടെ കേസെടതുക്കാന്‍ ബിജെപി നേതാക്കള്‍ വന്‍തുക കൈക്കൂലി വാങ്ങിയെന്ന് ആരോപണവുമായി സിപിഎം രംഗത്തെത്തി. ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി.

2016 ഡിസംബര്‍ അഞ്ചിനാണ് പാലക്കാട് കാവശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. പാലക്കാട്ടെ പാലന ആശുപത്രിയില്‍ നഴ്‌സായിരുന്നു പെണ്‍കുട്ടി. ഫെബ്രുവരി 21 ന് ചിറ്റൂര്‍ സ്വദേശിയായ നഴ്‌സും ആത്മഹത്യ ചെയ്തു. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ മറ്റ് രണ്ട് നഴ്‌സുമാര്‍ ആത്മഹത്യാശ്രമം നടത്തി. ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറായ വൈദികന്‍ പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായാണ് ആരോപണം.

എന്നാല്‍ പെണ്‍കുട്ടികളുടെ വീട്ടുകാരോ ബന്ധപ്പെട്ടവരോ പരാതി ഒന്നും നല്‍കാത്തതിനാല്‍ പൊലീസ് സ്വമേധയാ ഈ കേസ് അന്വേഷിച്ച് വരികയാണ്. ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെയും മറ്റൊരു ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്തു. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. നഴ്‌സുമാരുടെ മരണത്തിന് പിന്നിലെ ദുരൂഹത മറനീക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തുണ്ട്.