കണ്ണൂര്‍: കണ്ണൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് വാളുകളടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി. രണ്ട് വടിവാളും ഒരു കത്തിയും ഇരുമ്പ് പൈപ്പികളുമാണ് കണ്ടെടുത്തത്. അതേസമയം, തങ്ങള്‍ക്കെതിരായ നാടകമാണ് ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തെ ഇടവഴിയില്‍ നിന്നാണ് ഇരുമ്പ് പൈപ്പുകളും വടിവാളുകളും അടക്കം മാരാകായുധങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് ശുചീകരണ ജോലികള്‍ ചെയ്യുകയായിരുന്ന കോര്‍പറേഷന്‍ ജീവനക്കാരാണ് ആദ്യം ഇരുമ്പ് വടികള്‍ കാണുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധയിലാണ് മറ്റ് ആയുധങ്ങള്‍ കൂടി കണ്ടെത്തുന്നത്. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, സംഭവത്തില്‍ കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി. ഒരിടവേളയ്ക്ക് ശേഷം രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കുന്ന കണ്ണൂരില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.