ദില്ലി: ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുയായി നടത്തിയിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. കൊല്‍ക്കത്തയിലെ ബുരാബസാറിലാണ് സംഭവം. പ്രമോദ് സിംഗാനിയ എന്നയാളാണ് സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരന്‍. 

പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ ഇയാള്‍ ഭൂഗര്‍ഭ തുരങ്കം വഴി രക്ഷപെട്ടു. പൊലീസ് എത്തിയാല്‍ രക്ഷപെടുന്നതിനായി പെണ്‍വാണിഭ കേന്ദ്രത്തിന്റെ അടിയിലൂടെ നിര്‍മ്മിച്ച തുരങ്കം വഴിയാണ് പ്രമോദ് രക്ഷപെട്ടത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പെണ്‍വാണിഭം നടക്കുന്നതായി പ്രദേശവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. 

കൊല്‍ക്കത്തയിലെ ജനവാസമേഖലയായ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലാണ് ഇയാള്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. ഇവിടെ ഇരുപത്തഞ്ചോളം തടി ക്യാബിനുകള്‍ നിര്‍മ്മിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ തടി ക്യാബിനുകളിലൊന്നില്‍ ഒരു യുവതിയും യുവാവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സമീപ വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

ഇതേതുടര്‍ന്നാണ് സമീപവാസികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രദേശവസികള്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ ബലമായി പ്രവേശിക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് എത്തിയത്. സംഘത്തില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പമാണ് നടത്തിപ്പുകാരന്‍ രക്ഷപെട്ടത്.