വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പേഴുംകണ്ടത്ത് മൃതദേഹം എത്തിച്ച് സംസ്ക്കരിച്ചത്. ഇമ്മാനുവല്‍ ഫെയ്ത്ത് മിനിസ്ട്രിക്കു വേണ്ടി വാങ്ങിയ രണ്ടു സെന്റ് സ്ഥലത്തായിരുന്നു സംസ്ക്കാരം. സഭാവിശ്വാസിയായ പാണാംതോട്ടത്തില്‍ തങ്കച്ചന്റേതായിരുന്നു മൃതദേഹം. പ്രദേശത്ത് ശ്‍മശാനം സ്ഥാപിക്കാനാണിതെന്നും മൃതദേഹം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. ഇവിടെ ശ്‍മശാനത്തിനായി സഭാ അധികൃതര്‍ ജില്ലാ കളക്ടറില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല. തുടര്‍ന്ന് കട്ടപ്പന ഡി.വൈ.എസ്‌.പി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. രാവിലെ മൃതദേഹം നീക്കം ചെയ്യാമെന്ന് സഭയുടെ പാസ്റ്ററായ ബേബി ദേവസ്യ ഉറപ്പു നല്‍കി. എന്നാല്‍ രാവിലെ മൃതദേഹം നീക്കം ചെയ്യില്ലെന്ന് നിലപാട് സഭാഅധികൃതരും സി.എസ്.ഡി.എസ് എന്ന സംഘടയും സ്വീകരിച്ചു.

ഇതോടെ പ്രതിഷേധം തെരുവിലേക്കായി. കട്ടപ്പന - കോട്ടയം സംസ്ഥാനപാത മൂന്നു തവണ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് ഇടുക്കി ആര്‍.ഡി.ഒ എസ്.രാജീവ് സ്ഥലത്തെത്തി വീണ്ടും ചര്‍ച്ച നടത്തിയ ശേഷം മൃതദേഹം നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശ പ്രകാരം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം കട്ടപ്പന നഗര സഭയുടെ പൊതു ശ്‍മശാനത്തിലെത്തിച്ച് മൃതദേഹം സംസ്ക്കരിച്ചു. മരിച്ചയാളുടെ ബന്ധുക്കളോ സഭാ അധികൃതരോ ചടങ്ങില്‍ സംബന്ധിച്ചില്ല.