സംസ്ഥാന അധ്യക്ഷനെയിറക്കി നേമം വീണ്ടും പിടിക്കാനിറങ്ങുന്ന ബിജെപിക്കെതിരെ മന്ത്രി വി.ശിവൻ കുട്ടി തന്നെ സിപിഎം സ്ഥാനാർത്ഥിയായേക്കും. മണ്ഡലം കൈവിടാതിരിക്കാൻ ശിവൻകുട്ടിയല്ലാതെ മറ്റൊരു ചോയ്സില്ലെന്നാണ് സിപിഎം വിലയിരുത്തൽ
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനെയിറക്കി നേമം വീണ്ടും പിടിക്കാനിറങ്ങുന്ന ബിജെപിക്കെതിരെ മന്ത്രി വി.ശിവൻ കുട്ടി തന്നെ സിപിഎം സ്ഥാനാർത്ഥിയായേക്കും. കണക്കുകൾ രാജീവ് ചന്ദ്രശേഖറിന് പ്രതീക്ഷയേറ്റുമ്പോള്‍ മണ്ഡലം കൈവിടാതിരിക്കാൻ ശിവൻകുട്ടിയല്ലാതെ മറ്റൊരു ചോയ്സില്ലെന്നാണ് സിപിഎം വിലയിരുത്തൽ. കെ.മുരളീധരൻ വന്ന് കരുത്തുകാട്ടിയ നേമത്ത് ഇത്തവണ സൂപ്പർ സ്റ്റാറുകളെ കോൺഗ്രസ് കളത്തിലിറക്കാനിടയില്ല. 2011ൽ വോട്ടെണ്ണലിനിടെ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചെങ്കിലും അവസാനലാപ്പിൽ വി ശിവൻകുട്ടി മുന്നിലെത്തുകയും ഒ രാജഗോപാൽ പരാജയപ്പെടുകയുമായിരുന്നു. പിന്നീട് 2016 വീണ്ടും ശിവൻകുട്ടിയും ഒ രാജഗോപാലും തമ്മിൽ നേമത്ത് മത്സരിച്ചു. 2016ൽ നേമത്ത് ചരിത്രം തിരുത്തി ഒ രാജഗോപാൽ വിജയിച്ചു. യുഡിഎഫിന് അന്ന് ആറായിലത്തിലധികം വോട്ടുകളാണ് കുറഞ്ഞത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നേമം ബിജെപിക്ക് ലീഡ് നൽകി. 2021ൽ നേമം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ശിവൻകുട്ടിയെ തന്നെ സിപിഎം വീണ്ടുമിറക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും വന്നു. ഇതോടെ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താനിറങ്ങിയ കുമ്മനം രാജശേഖരന് അടിപതറി. അങ്ങനെ ശിവൻകുട്ടി നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടി. അതിനാൽ തന്നെ 2026ലും ശിവൻകുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
2026ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമത്തുണ്ടായ ലീഡിലും തിരുവനന്തപുരം കോർപ്പറേഷൻ വാർഡുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ തദ്ദേശത്തിലെ മിന്നും ജയവും ബിജെപിക്ക് ആത്മവിശ്വാസമേകുന്നുണ്ട്. നേമത്ത് ഇത്തവണ വിജയം ഉറപ്പെന്ന വിശ്വാസത്തിലാണ് ബിജെപി. നേമം പിടിക്കാൻ സംസ്ഥാന അധ്യക്ഷനെ തന്നെയാണ് ബിജെപിയിറക്കുന്നത്. ലോക്സഭയിൽ 22000ത്തിലധികം വോട്ടിന്‍റെയും തദ്ദേശ തെരഞ്ഞെടുപ്പിൽ 8000ത്തോളം വോട്ടിന്‍റെയും ലീഡ് നേമത്ത് ബിജെപിക്ക് നേടാനായിട്ടുണ്ട്. കാര്യങ്ങള്‍ പ്രതികൂലമായിരിക്കെ മണ്ഡലം നിലനിര്‍ത്താൻ വി.ശിവൻ കുട്ടിയല്ലാതെ മറ്റൊരു പേര് സിപിഎമ്മിന് മുന്നിൽ ഇപ്പോഴില്ല. അവിടെ പൊരുതിയ പരിചയം കൈമുതലുളള വേറെയാളില്ല. ഉമ്മൻ ചാണ്ടി വരെയുളളവരുടെ പേര് പറഞ്ഞുകേട്ട 2021ലെ കോൺഗ്രസ് പട്ടികയിൽ, സർപ്രൈസ് എൻട്രിയായിരുന്നു മുരളീധരൻ. ഇക്കുറി പ്രാദേശിക നേതാക്കളെ മണ്ഡലത്തിൽ പരിഗണിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ജി.വി.ഹരി,മണക്കാട് സുരേഷ് എന്നിവരാണ് കോണ്‍ഗ്രസിന്‍റെ പരിഗണനയിലുള്ളത്. ബിജെപിക്ക് വോട്ട് മറിക്കുന്നുവെന്ന ആരോപണം മറികടക്കാൻ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. കോർപ്പറേഷൻ കൈവിട്ടതുൾപ്പെടെ ബിജെപിക്ക് മുന്നിൽ വീണതിന്‍റെ ക്ഷീണം മാറ്റാൻ സിപിഎമ്മിന് നേമം നിലനിര്‍ത്തുകയും വേണം.


