വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകൾ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകൾ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. രാവിലെ നട തുറക്കുന്നത് മുതൽ 11.30 മണി വരെ വടക്കേ നടയിലെ തിരുമുറ്റത്ത് തീർത്ഥാടകർക്ക് വിശ്രമിക്കാം എന്ന് ഐ ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.

വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
ശബരിമലയിൽ രാത്രി 11 മണിക്ക് ശേഷം തീർത്ഥാടകരെ തടയരുതെന്നും കെഎസ്ആർടിസി ടൂ വേ ടിക്കറ്റ് നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കലാകാരന്‍മാര്‍ക്ക് ശബരിമലയിൽ അവരുടെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടോ എന്ന് കോടതി ചോദിച്ചു.
ശിവമണിക്ക് നടപന്തലിൽ പരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം സേവനം തുടങ്ങി.
ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡിഐജി എസ് സുരേന്ദ്രനാണ്. സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡിസിപി ജി ജയ്ദേവും ക്രൈംബ്രാഞ്ച് എസ്പി പി ബി രാജീവുമാണ് ഉണ്ടാവുക. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ ആകെ സേവനത്തിനുണ്ടാകും.
