ഹനാന് ആവശ്യമായ സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കളക്ടറെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി.മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സൈബർ ആക്രമണം നേരിടുന്ന കൊച്ചിയിലെ ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പൊലീസിനോട് നിർദ്ദേശിച്ചു. ഹനാന് ആവശ്യമായ സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കളക്ടറെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി.മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയിൽ മത്സ്യവില്പന നടത്തിയിരുന്ന തൃശൂർ സ്വദേശി ഹനാനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കോളേജ് വിദ്യാർത്ഥിയായ ഹനാൻ മത്സ്യവില്പനക്കിറങ്ങിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനെ തുടർന്നാണ് ഹനാന്‍റെ ജീവിത പശ്ചാത്തലത്തെ ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടന്നത്.
വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഉൾപ്പടെ ഹനാന് പിന്തുണയുമായി എത്തി. സ്വന്തം കുടുംബത്തിന് അത്താണിയായ ഹനാൻ ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. ഹനാന്‍റെ പ്രവർത്തിയിൽ അഭിമാനമുണ്ട്. കേരളം മുഴുവൻ ഹനാനെ പിന്തുണയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപകീർത്തികരമായ പ്രചാരണത്തിനെതിരെ നടപടി ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഹനാന് സംരക്ഷണം നൽകാനും ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു.സ്വന്തമായി മീൻ വില്പന നടത്താൻ ഹനാന് കൊച്ചി നഗരസഭ കഴിഞ്ഞ ദിവസം കിയോസ്ക്കും അനുവദിച്ചിരുന്നു.
