ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി വീട്ടമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിച്ചതിനെ തുട‍ര്‍ന്ന് പൊലീസ് എത്തി രക്ഷിച്ചു. വീട്ടമ്മയുടെ പരാതിയില്‍ വൈക്കം പൊലീസ് അന്വേഷണം തുടങ്ങി. വീട്ടമ്മ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

വൈക്കത്ത് സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് മലപ്പുറം സ്വദേശിയായ ദില്‍ന സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടത്. പിങ്ക് പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് വൈക്കം പൊലീസെത്തി ദില്‍നയെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു. തലക്കുള്ള പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ താന്‍ താമസിക്കുന്ന റിസോട്ടിലെത്തിയ അവര്‍ സമൂഹമാധ്യമങ്ങളില്‍ സഹായമഭ്യര്‍ത്ഥിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടാണെന്നാണ് ഭ‍ര്‍ത്താവ് അഭിജിത്ത് ബാലന്റെ വിശദീകരണം. രണ്ട് മതവിഭാഗങ്ങളില്‍പ്പെട്ട ഇവരുടേത് പ്രണയ വിവാഹമായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിവാഹമോചനത്തിനുള്ള കേസ് കുടുംബകോടതിയില്‍ നടക്കുകയാണ്. ഇതിനിടയിലാണ് പുതിയ സംഭവം. സംഭവത്തെക്കുറിച്ച് വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.