ആലപ്പുഴ: പല്ലന കടല്‍ത്തീരത്ത് അതിക്രമിച്ച് കയറിയ 10 'തീവ്രവാദികളെ' ആദ്യം കണ്ടത് മല്‍സ്യത്തൊഴിലാളികളാണ്. കോസ്റ്റല്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് 'തീവ്രവാദികളെ' അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പൊലീസ് തീവ്രവാദികളെ സല്യൂട്ട് ചെയ്തതോടെ വിവരമറിഞ്ഞെത്തിയ ആളുകള്‍ അമ്പരപ്പിലായി.
തീരസുരക്ഷ ഉറപ്പ് വരുത്തുന്നതിനും തീരസംരക്ഷണ സേനയുടെ കഴിവ്, ജാഗ്രത, അടിയന്തിര ഘട്ടങ്ങളിലെ പ്രവര്‍ത്തനരീതി എന്നിവ പരിശോധിക്കാനെത്തിയ ഓഫീസര്‍മാരെയാണ് തീരദേശ സേന തീവ്രവാദികളെന്ന് കരുതി പിടികൂടിയത്. ആറുമാസം കൂടുമ്പോള്‍ നടത്തുന്ന സാഗര്‍ കവച് ഓപ്പറേഷന്റെ ഭാഗമായി ആയിരുന്നു പത്തംഗ സംഘം ആലപ്പുഴയുടെ തീരത്തെത്തിയത്.
നാവിക സേനയിലെ മൂന്ന് ഓഫീസര്‍മാരും ഏഴ് കോസ്റ്റ് ഗാര്‍ഡുകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ആലപ്പുഴയിലെ തീരദേശ സേനയുടെ സമയോചിതമായ ഇടപെടലിനെ സംഘം അഭിനന്ദിച്ചു.
