ജൂലൈ 3-ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കെനിയയിലേക്കുമാണ് പോയിരിക്കുന്നത്. മുംബൈ-നെയ്‍റോബി ഫ്ലൈറ്റിനാണ് ഇവർ രക്ഷപ്പെട്ടതെന്നും പൊലീസ് വിശദമാക്കി.
ബെംഗളൂരു: ബെംഗളൂരുവിലെ വൻചിട്ടി തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ജൂലൈ 3-ന് ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും ടോമിയും ഷൈനിയും ചേർന്ന് 100 കോടി തട്ടിപ്പ് നടത്തിയെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇവർ ജൂലൈ 3 ന് തന്നെ രാജ്യം വിട്ടതായി പൊലീസ് വ്യക്തമാക്കുന്നു.
ജൂലൈ 3-ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കെനിയയിലേക്കുമാണ് പോയിരിക്കുന്നത്. മുംബൈ-നെയ്‍റോബി ഫ്ലൈറ്റിനാണ് ഇവർ രക്ഷപ്പെട്ടതെന്നും പൊലീസ് വിശദമാക്കി. ഇതുവരെ 408 പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കേസ് സിബിസിഐഡിക്ക് നാളെ കൈമാറുമെന്നും പൊലീസ് അറിയിച്ചു.
ജൂലൈ 5-നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ പരാതി രാമമൂർത്തി നഗർ പൊലീസിൽ റജിസ്റ്റർ ചെയ്തത്. ഓരോ ദിവസവും പരാതികൾ വരുന്നെന്ന് പൊലീസ് പറയുന്നു. ഇതുവരെ 400-ഓളം പരാതികൾ കിട്ടി. ഓരോ ദിവസവും തട്ടിപ്പിന്‍റെ വ്യാപ്തി കൂടുന്നു. കൃത്യം എത്ര തുകയുടെ തട്ടിപ്പെന്ന് ഇപ്പോൾ പറയാനാകില്ല. നൂറ് കോടി രൂപയല്ല, അതിലുമധികം കോടികൾ ഇവർ വെട്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല, ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്.
ഇക്കാര്യം കമ്പനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ലെന്നാണ് 9 വർഷമായി രാമമൂർത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്സിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി സതി പറയുന്നത്. 2005 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. ബാങ്ക് പലിശയേക്കാൾ കൂടുതൽ പലിശ നൽകിയാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വരെ നിക്ഷേപകർക്ക് പലിശയിനത്തിൽ നൽകാനുള്ള പണം കൃത്യമായി ഇവർ നൽകിയിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. പിന്നീടാണ് ഒരു മുന്നറിയിപ്പുമില്ലാതെ താമസിച്ചിരുന്ന ഫ്ലാറ്റ് പോലും വിറ്റ് ടോമിയും ഭാര്യയും മുങ്ങിയത്. രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബെംഗളുരു സ്വദേശിയായ സാവിയോ പി ടി എന്ന അറുപത്തിനാലുകാരനും കുടുംബാംഗങ്ങൾക്കുമായി 70 കോടി രൂപ നഷ്ടമായെന്നാണ് കാണിച്ചിരിക്കുന്നത്.



