ചിട്ടി വായ്പയ്ക്കായി നൽകിയ രേഖകൾക്കൊപ്പം മറ്റു വ്യാജരേഖകൾകൂടി ചേർത്തു, സ്വന്തം ചിട്ടിക്ക് ജാമ്യം നൽകി. വീട്ടുകാർ അറിഞ്ഞത് റവന്യു റിക്കവറിക്ക് ആളെത്തിയപ്പോഴാണ്.
ആലപ്പുഴ: കെഎസ്എഫ്ഇയില്‍ വായ്പയ്ക്കായി അയൽവാസി ഹാജരാക്കിയ ഭൂമിയുടെ രേഖകൾ സ്വന്തം ചിട്ടിക്ക് ജാമ്യമാക്കി 30 ലക്ഷം രൂപ ബാധ്യതയുണ്ടാക്കിയെന്ന കേസിലെ പ്രതിക്കെതിരേ മറ്റൊരു കേസ് കൂടി. കെഎസ്എഫ്ഇ ആലപ്പുഴ അസിസ്റ്റന്റ് ജനറൽ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റായ മണ്ണഞ്ചേരി സ്വദേശി എസ് രാജീവിനെതിരേയാണ് കേസെടുത്തത്. ചിട്ടി വായ്പയ്ക്കായി നൽകിയ രേഖകൾക്കൊപ്പം മറ്റു വ്യാജരേഖകൾകൂടി ചേർത്ത് 10 ലക്ഷം രൂപയുടെ സ്വന്തം വായ്പയ്ക്കും മറ്റൊരു ശാഖയിലെ ചിട്ടിത്തുകയ്ക്ക് ജാമ്യമായും നൽകിയെന്ന പരാതിയിലാണ് പുതിയ കേസ്.
കോടതി നിർദേശപ്രകാരമാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. നേതാജി തെക്കേവെളിയിൽ രവീന്ദ്രൻ നൽകിയ ഹർജിയിലാണ് കേസ്. സമാനമായ തട്ടിപ്പു നടത്തിയതിനെത്തുടർന്ന് രാജീവിനെ കെഎസ്എഫ്ഇ ജോലിയിൽനിന്നു പുറത്താക്കിയിരുന്നു. രാജീവിനെതിരേയാണ് അയൽവാസിയായ എൻ സുമയാണ് ആദ്യം പരാതി നൽകിയത്. മണ്ണഞ്ചേരി പൊലീസ് കേസെടുക്കുകയും കൂടുതൽ തട്ടിപ്പുകൾ പുറത്താകുകയും ചെയ്തതോടെ സസ്പെഷനിലായ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
ആലപ്പുഴ ഇരുമ്പുപാലം ശാഖയിൽ സുമയുടെ പേരിൽ ചേർന്ന 12 ലക്ഷത്തിന്റെ ചിട്ടിയിൽനിന്ന് വീട് നിർമാണത്തിന് ആറുലക്ഷം വായ്പ എടുക്കുന്നതിനാണ് 12 സെന്റ് ഭൂമിയുടെ പ്രമാണം നൽകിയത്. രാജീവാണ് രേഖകൾ ശരിയാക്കാൻ സഹായിച്ചത്. എന്നാൽ, ഈ സ്ഥലത്തിന് വഴിയില്ലെന്ന കാരണം പറഞ്ഞ് സുമയുടെ ഭർത്താവിന്‍റെ എട്ട് സെന്‍റിന്‍റെ പ്രമാണവും കൈക്കലാക്കിയ രാജീവ് ഇത് സ്വന്തം പേരിലുള്ള ചിട്ടിയുടെ ജാമ്യത്തിനായി വെയ്ക്കുകയായിരുന്നു.
രാജീവ് ചിട്ടി പിടിച്ചശേഷം തുക തിരിച്ചടക്കാതെ വന്നതോടെ സുമക്കെതിരെ റവന്യൂ റിക്കവറി നടപടി തുടങ്ങിയപ്പോഴാണ് വൻ തട്ടിപ്പ് പുറത്തായത്. കെഎസ്എഫ്ഇ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയാണ്. രാജീവ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ചിട്ടിപ്പണം കൈപ്പറ്റിയശേഷം പണമടയ്ക്കുന്നില്ലെന്ന പരാതി കളക്ഷൻ ഏജന്‍റും ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, സർക്കാർ ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി വായ്പയെടുത്തതായും പരാതിയുണ്ട്. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.


