Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് കാണാതായ യുവതി ഗർഭിണിയല്ലെന്ന് പൊലീസ്

  •  യുവതി ഗർ‍ഭിണിയല്ല
  • ഷംനയുടെ തിരോധനത്തിൽ നാടകീയത
  • ദുരൂഹതകൾ ഒരുപാട് ബാക്കി
police says missing woman not pregnant

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതി ഗർഭിണിയല്ലെന്ന് പൊലീസ്. അനിശ്ചിതത്വം നിറഞ്ഞ മൂന്ന് ദിവസത്തിന് ശേഷം ഇന്ന് കരുനാഗപ്പള്ളിയിൽ വെച്ചാണ് ഷംനയെ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭം ഇല്ലെന്ന് അറിഞ്ഞത്. ഗർഭിണിയെന്ന പേരിൽ ചികിത്സ തേടിയതിലും കാണാതായതിലുമുള്ള ദുരൂഹത തുടരുകയാണ്.

ഷംനയെ കാണാതായ സംഭവത്തിൽ നാടകീയ വഴിത്തിരിവാണ് ഇന്നുണ്ടായത് . പൂർണ്ണ ഗർഭിണി എന്നനിലക്കാണ് ഭർത്താവ് അൻഷാദിനും ബന്ധുക്കൾക്കും ഒപ്പം ഷംന ചൊവ്വാഴ്ച എസ്എടി ആശുപത്രിയിലെത്തിയത്.  പ്രസവതീയതിയുടെ അന്ന്  ആശുപത്രിയിലെത്തിയ  ഗർഭിണിയെ കാണാതായ സംഭവം വലിയ വാർത്തയായി. ആശുപത്രി മുഴുവൻ അരിച്ച് പെറുക്കി. കേരളത്തിനകത്തും പുറത്തും പോലീസ് പരിശോധന നീണ്ടു . ഇടക്കൊരിക്കൽ ഷംന താൻ സുരക്ഷിതയാണെന്ന് ഒരു ബന്ധുവിനെ വിളിച്ചു പറയുകയും ചെയ്തു. അതിനിടെ ഷംനയുടെ ചികിത്സാ രേഖകൾ മുഴുവൻ പൊലീസ് ശേഖരിച്ചിരുന്നു. 

അഞ്ചാം മാസം മുതൽ എസ്എടിയിൽ പരിശോധനക്കെത്താറുണ്ടെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുമ്പോഴും ചികിത്സാ രേഖകളൊന്നും ആശുപത്രിയിലില്ല. മൂന്ന് തവണ ഷംന ചികിത്സ തേടിയിട്ടുണ്ടെന്നും ആ മൂന്ന് തവണയും പുതിയ ഒപി ടിക്കറ്റെടുത്തായിരുന്നു പരിശോധനയെന്നുമാണ് ആശുപത്രി രേഖ. അതുകൊണ്ടു തന്നെ ഷംനയുടെ ഗര്‍ഭാവസ്ഥ സംബന്ധിച്ച വിശദാംശങ്ങളെ കുറിച്ചൊന്നും ഡോക്ടര്മാര്‍ക്ക് അറിവുണ്ടായിരുന്നില്ല . മൊബൈൽ ടവര്‍ നോക്കിയുള്ള അന്വേഷണമാണ് പൊലീസിന് തുണയായത്.  ടവർ പരിശോധിച്ചപ്പോൾ ആദ്യം എറണാകുളത്തും പിന്നെ വെല്ലൂരിലുമെത്തിയെന്ന  സൂചന കിട്ടി. എറണാകുളത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല . വല്ലൂരിലേക്ക് പൊലീസ് സംഘം തിരിച്ചതിന് പിന്നാലെ ടവര്‍ ലൊക്കേഷൻ വീണ്ടും കേരളാ അതിര്‍ത്തിയിൽ തിരിച്ചെത്തി. തിരുവനന്തപുരത്തേക്കുള്ള വരവാണെന്ന് മനസ്സിലാക്കിയ പൊലീസ് ബന്ധുക്കൾക്കും ആസൂചന കൈമാറിയിരുന്നു .

ഉച്ചയോടെ കൊല്ലം ജില്ലക്ക് സമീപമെത്തിയെന്ന് വിവരമറിഞ്ഞു.  അതിനിടെയാണ് വൈകീട്ട് കരുനാഗപ്പള്ളിയിലെ ഓട്ടോ ഡ്രൈവ‍ർമാർ ഷംനയെ തിരിച്ചറിഞ്ഞ് പൊലീസിനെ വിളിക്കുന്നത്. അവശനിലായിരുന്ന ഷംന ഒറ്റക്കായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിലാണ് ഷംന ഗർഭിണിയല്ലെന്ന് അറിയുന്നത്. ബന്ധുക്കൾ കരുനാഗപ്പള്ളിയിലെത്തി.  ഷംനയെ രാത്രി തന്നെ തിരുവനന്തപുരത്ത് കൊണ്ടുവരാനാണ് തീരുമാനം. മൂന്ന് ദിവസത്തെ അനിശ്ചിതത്വം അവസാനിച്ചെങ്കിലും ഒട്ടേറെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.

Follow Us:
Download App:
  • android
  • ios