ഹര്‍ത്താലിനെ ലീഗ് പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു. 

കണ്ണൂര്‍: സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്‍റെ പേരില്‍ ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചു വിട്ട നൂറോളം പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ മതജാതി ഭേദമില്ലാത്ത ജനകീയ ഹര്‍ത്താല്‍ എന്ന പേരിലാണ് അക്രമങ്ങള്‍ നടന്നതെങ്കിലും പിടിയിലായതിലേറെയും എസ്.ഡി.പി.ഐ- മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. 

ആരാണ് ആഹ്വാനം ചെയ്തതെന്ന് അറിയാത്ത ഹര്‍ത്താലിന്‍റെ പേരില്‍ വ്യാപക അക്രമത്തിനാണ് മലബാറിലെ ജില്ലകള്‍ സാക്ഷ്യം വഹിച്ചത്. ആറോളം കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും പെട്രോള്‍ പന്പ് ആക്രമിക്കുകയും ചെയ്ത ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. മലപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ ഇരുപതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. 

ദേശീയപാതയിലടക്കം രാവിലെ മുതല്‍ റോഡ് ഉപരോധിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രംഗത്തിറങ്ങിയതോടെ ആയിരങ്ങളാണ് പെരുവഴിയില്‍ കുടുങ്ങിയത്. പലയിടത്തും കടകള്‍ അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. റോഡ് ഉപരോധം ചോദ്യം ചെയ്ത വഴിയാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും നേരേയും ഭീഷണിയുണ്ടായി. 

കശ്മീരില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൊന്ന സംഭവത്തില്‍ നീതി കിട്ടാന്‍ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് അക്രമങ്ങളെല്ലാം നടന്നത്. പലയിടത്തും ലീഗ് പ്രവര്‍ത്തകര്‍ ഗതാഗതം തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രാവിലെ തന്നെ ഹര്‍ത്താലിനെ ലീഗ് പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു. 

മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് പാര്‍ട്ടി ആവശ്യമായ നിയമസഹായം നല്‍കുന്നുണ്ടെന്നും കുടുംബത്തിന് വേണ്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പാര്‍ട്ടിയെന്നും വ്യക്തമാക്കിയ മജീദ് സമാധാപരമായ പ്രതിഷേധങ്ങളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. അതേസമയം എസ്ഡിപിഐ നേരത്തെ തന്നെ ഹര്‍ത്താല്‍ നടത്താന്‍ മുന്നിട്ടിറങ്ങുമെന്ന് അറിയിച്ചിരുന്നു.