തന്‍റെ രണ്ട് സുഹ‍ത്തുക്കൾക്കൊപ്പം മദ്യപിച്ചെന്നും അതിനുശേഷമാണ് വട്ടോളിപ്പടിയിലെ വീട്ടിലെത്തി ജിഷയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സുഹൃത്തുക്കളിൽ ഒരാൾ നേരത്തെതന്നെ ഒളിവിൽപ്പോയ അനാറുല്‍ ഇസ്ലാമാണ്. ആസാം സ്വദേശിയായ ഹർ‍ദത്ത് ബർഹയാണ് ഒപ്പം മദ്യപിച്ച രണ്ടാമനെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാളും ഒളിവിലാണ്. സുഹൃത്തുക്കളുടെ പ്രകോപനത്തിലാണ് താൻ ജിഷയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ഒരു ഘട്ടത്തിൽ അന്വേഷണ സംഘത്തോട് പറഞ്ഞത്. 

ഒളിവിൽ പോയ ഇരുവരെയും ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കൊലപാതകത്തില്‍ പരപ്രേരണയുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഈ സുഹൃത്തുക്കളെക്കൂടി പ്രതിചേർക്കും. കൊലപാതകവുമായി ബന്ധപ്പെട്ട മറ്റുചില മൊഴികളും പ്രതി അമിനുൾ ഇസ്ലാം നൽകിയിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച ആയുധം സംഭവത്തിനുശേഷം പുറത്തിറങ്ങുന്പോൾ വീടിനു പിന്നാന്പുറത്തേക്ക് എറിഞ്ഞു. കൈവശമുണ്ടായിരുന്ന മദ്യകുപ്പി വീടിനുസമീപത്തെ കനാലിലെറിഞ്ഞു. രക്തം പുരണ്ട തന്‍റെ വസ്ത്രങ്ങൾ കാഞ്ചിപുരത്തെ മുറിയിലൊളിപ്പിച്ചു. എന്നിങ്ങനെയുള്ള മൊഴികളും പൊലീസ് പരിശോധിക്കുന്നു. ജിഷയുടെ വീടിനുസമീപത്തുനിന്ന് കിട്ടിയ കത്തി കൃത്യത്തിനുപയോഗിച്ചതുതന്നെയാണോ എന്ന് പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്. വസ്ത്രങ്ങൾക്കായി കാഞ്ചിപുരത്തും തെരച്ചിൽ നടത്തും.