ബംഗളുരു: കര്‍ണാടകത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലയാളിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ബംഗളുരുവിന്റെ പലയിടങ്ങളിലും ഇന്ന് പ്രതിഷേധ കൂട്ടായ്മകള്‍ നടക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ബെംഗളൂരു രാജ രാജേശ്വരി നഗറിലെ വീട്ടില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.
കന്നഡ യുക്തിവാദിയും സാഹിത്യകാരനുമായിരുന്ന എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയുമ്പോഴാണ് തീവ്രഹിന്ദു രാഷ്ട്രീയത്തിന്റെ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷ് പത്രിക എന്ന സ്വന്തം വാരികയുടെ ഓഫീസില്‍ നിന്നും രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാറില്‍ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുമ്പോള്‍ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഗൗരി ലങ്കേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നിരവധി വെടിയൊച്ച കേട്ടുവെന്നും പിന്നാലെ സ്‌കൂട്ടര്‍ പോകുന്ന ശബ്ദം കേട്ടുവെന്നും അയല്‍ക്കാര്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
അതേസമയം സംഭവം ആരും നേരില്‍ കണ്ടിട്ടില്ലെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കൊലപാതകികള്‍ക്കായി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ബംഗളുരു പൊലീസ് അന്വേഷണം തുടങ്ങി. ഗൗരി ലങ്കേഷിന്റെ വീടിന് ചുറ്റുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി സംഭവസ്ഥലം സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയ്ക്കായി സമയം ചോദിച്ച് ഗൗരി ലങ്കേഷ് ശനിയാഴ്ച വിളിച്ചിരുന്നതായും പക്ഷെ കാണാന്‍ സാധിച്ചില്ലെന്നും റെഡ്ഡി പറഞ്ഞു.
