കൊച്ചി: അടുത്തിലെ എറണാകുളത്തും തിരുവന്തപുരത്തും വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന വന്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്ന് പോലീസ് നിഗമനം. പൂനെ അഹമ്മദ് നഗറില്‍ നിന്നുള്ളവപരാണ് മോഷണ പരമ്പരയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. 2009 ല്‍ തിരുവനന്തപുരത്ത് നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരായിരുന്നു. കൊച്ചിയില്‍ നടന്ന കവര്‍ച്ചയ്ക്ക് പിന്നിലും ഇവര്‍ തന്നെയാകാമെന്നാണ് കൊച്ചി ഐ.ജി. പി. വിജയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി. കെ. വിനോദ്കുമാറിനും ലഭിച്ചിട്ടുണ്ട്.
എട്ടിലധികം പേര്‍ സംഘത്തിലുണ്ടാകും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മലയാളവും സംസാരിക്കും. വലിയ വീടുകളാണ് ഇവര്‍ തെരെഞ്ഞടുക്കുക. തിരുവനന്തപുരത്ത് മുന്‍പ് നടന്ന കവര്‍ച്ചയെ തുടര്‍ന്ന് സംഘാംഗമായ വികാസ് ഗോഡാജി ചൗഹാന്‍ എന്നയാള്‍ പിടിയിലായിരുന്നു. ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി ഐ.ജിയുടെ സന്ദേശത്തില്‍ പറയുന്നുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, മംഗാലപുരം എന്നിവിടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. സംഘം എല്ലാ മോഷണങ്ങള്‍ക്കും പ്ലാസ്റ്റിക് കയറും സെല്ലോടേപ്പും ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ആശയവിനിമയത്തിന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും. തീവണ്ടികളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തുകയാണ്. റെയില്‍പ്പാളത്തിനടുത്തുള്ള വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വീടുകളുടെ മുന്‍ഭാഗത്തെ ഇളക്കി മാറ്റിയാണ് അക്രമി സംഘം വീടിനുള്ളിലേക്ക് കടക്കുന്നത്, സെല്ലോടേപ്പ് ഉപയോഗിച്ച് വീട്ടുകാരെ നിശബ്ദമാക്കുകയും ചെയ്യുന്നു.
റെയില്‍വേപ്പാളത്തിന് അടുത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഐജിയുടെ സന്ദേശത്തില്‍ പറയുന്നു. തീവണ്ടികളില്‍ നിന്ന് കൂട്ടമായി വന്നിറങ്ങുന്നവരെ ശ്രദ്ധിക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകള്‍ പരിശോധിക്കണം. ഓരോ ജില്ലയിലും സൂക്ഷിച്ചിരിക്കുന്ന വിരലടയാളവുമായി താരതമ്യം ചെയ്തു നോക്കണം.
