ഇടുക്കി: ഇടുക്കി  ബൈസണ്‍വാലിയിൽ വീട്ടമ്മയുടെ ആത്മഹത്യ സ്വാഭാവിക മരണമാക്കി മൃതദേഹം  ദഹിപ്പിക്കാൻ പൊലീസ് കൂട്ടുനിന്നതായി പരാതി.    ഭർതൃ വീട്ടിൽ വച്ചുളള  മരണം സംബന്ധിച്ച് സെല്‍വിയുടെ പിതാവ് ആറുമുഖനാണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

ഭര്‍തൃ സഹോദരന്‍റെ മോശം പെരുമാറ്റമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിന് തയാറാകുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ മാസം 25ന് സെൽവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായാണ് ഭർതൃ വീട്ടുകാർ അറിയിച്ചത്.  

സംശയം തോന്നിയ നാട്ടുകാർ അറിയിച്ചിട്ടും രാജാക്കാട് പൊലീസ് ഇടപ്പെട്ടില്ല. ഇത് മൃതദേഹം ദഹിപ്പിക്കുന്നതിനിടയാക്കിയെന്നും പരാതിയില്‍ പറയുന്നു. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ്  പേരക്കുട്ടിയിൽ നിന്നാണ് മരണത്തിലെ ദുരൂഹത  അറിഞ്ഞതെന്ന് സെൽവിയുടെ മാതാപിതാക്കൾ പറയുന്നു.

രാത്രിയിൽ കാണാതായ സെൽവിയെ രാവിലെ വീട്ടുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർത്താവ് തമിഴ് ശെൽവവും വീട്ടുകാരും പിന്നീട് പറഞ്ഞത്.  സെൽവിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ  എന്നതിലും സംശയമുണ്ട്.  

ഒളിഞ്ഞു നിന്ന് ഫോട്ടോയുത്ത ഭർതൃ സഹോദരൻ സെൽവിയെ ശല്യം ചെയ്തിരുന്നതടക്കം പൊലീസിൽ പരാതിപ്പെട്ടിട്ടുളളതായും ഇവർ പറയുന്നു. സെൽവിയുടെ പിതാവിന്‍റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും മരണവിവരം അറിഞ്ഞ് ചെന്നപ്പോഴേക്കും സംസ്കാരം കഴിഞ്ഞിരുന്നുവെന്നുമാണ് രാജാക്കാട് പോലീസ്  പറയുന്നത്.