ചോദ്യം ചെയ്തതില്‍ ബിഷപ്പിന്‍റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനിച്ചത്.
കൊച്ചി: ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. മൊഴികളിലെ വൈരുദ്ധ്യമാണ് ബിഷപ്പിന് തിരിച്ചടിയായത്. കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാവും അറസ്റ്റെന്നാണ് സൂചന.
ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നുണ്ട്. ചോദ്യം ചെയ്യല്ലിനായി രാവിലെ പതിനൊന്ന് മണിയ്ക്ക് ഫ്രാങ്കോ മുളയ്ക്കല്‍ പൊലീസ് ക്ലബിലെത്തും. ആദ്യ ദിവസം നല്കിയ മൊഴികള്‍ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ.
ബിഷപ്പിനോട് ചോദിക്കുവാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തിൽ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയിൽ യോഗം ചേർന്നു.
ഇന്നത്തെ ചോദ്യം ചെയ്യൽ നിര്‍ണ്ണായകമാണെന്നും ബിഷപ്പിന്‍റെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ആരോപണങ്ങളെ പരമാവധി പ്രതിരോധിക്കുന്ന നിലപാടാണ് ബിഷപ്പ് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍ ബിഷപ്പിന്‍റെ വാദം പോലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.
ചില പൊരുത്തക്കേടുകള്‍ ഇപ്പോഴുമുണ്ട്. ഇതിന്‍റെ ചുവട് പിടിച്ചാകും ഇന്ന് കൂടുതൽ ചോദ്യം ചെയ്യൽ. ബലാത്സംഗ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നാണ് ഇന്നലെ നടന്ന ഏഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. വാദങ്ങൾ നിരത്തുന്നതിന് ഫോൺ റെക്കോർഡുകളും, വീഡിയോകളും ഉൾപ്പടെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.
ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ നിന്ന് കൊച്ചി മരടിലെ ആഡംബര ഹോട്ടലിലേക്കാണ് ബിഷപ്പ് പോയത്. ഹോട്ടൽ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
