കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാറിന്റെയും സഹതടവുകാരുടെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കസ്റ്റഡി കാലാവധി തീരാന്‍ ഒരു ദിവസം ശേഷിക്കെ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചെന്ന കേസില്‍ തെളിവുകള്‍ കൂട്ടിയോജിപ്പിക്കുകയാണ് പൊലീസിന്റെ ശ്രമം. ജയിലിലേക്ക് ഫോണ്‍ കടത്താന്‍ വിഷ്ണു ചെരുപ്പ് വാങ്ങിയത് എറണാകുളം ബ്രോഡ് വേയില്‍ നിന്നാണെന്ന് വ്യക്തമായി. ചെരുപ്പിനകത്ത് ഒളിപ്പിച്ചാണ് ഫോണ്‍ ജയിലില്‍ എത്തിച്ചത് എന്ന് നേരത്തെ വ്യക്തമായിരുന്നു. 

ഫോണ്‍ ഉള്ളില്‍ വെച്ച ശേഷം ചെരുപ്പ് തുന്നിയത് ചെമ്പുമുക്കിലെ കടയില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്നും പ്രതികളെ കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. കേസിലെ ഗൂഢാലോചന അടക്കം പുറത്തുകൊണ്ടുവരാനുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. കേസില്‍ ആരോപണ വിധേയരായവരുടെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ആലുവ പൊലീസ് ക്ലബിലായിരിക്കും ചോദ്യം ചെയ്യല്‍.