രണ്ട് ദിവസം കൂടി കാത്തിരുന്ന ശേഷം ആരുമെത്തിയില്ലെങ്കില്‍ സൗമ്യയുടെ മൃതേദഹം പൊതുശ്മശാനത്തിലെത്തിച്ച് സംസ്കരിക്കും
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല. ഇന്നലെ കണ്ണൂര്‍ ജയിലില്‍ വച്ചു ആത്മഹത്യ ചെയ്ത സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല.
നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം രണ്ട് ദിവസം കൂടി സൂക്ഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ഈ സമയപരിധിക്ക് ശേഷവും ആരുമെത്തിയില്ലെങ്കില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പയ്യാമ്പലത്തെ പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കും.
മകളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന കേസില്‍ വിചാരണ തടവുകാരിയായിരുന്ന സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ വിചാരണ തടവുകാരിയായി തുടരുന്നതിനിടെയാണ് ജയില്‍ വളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ചത്.
അതേസമയം ഏകപ്രതി കൊലപ്പെട്ട സാഹചര്യത്തില്‍ പിണറായി കൂട്ടക്കൊലക്കേസിന്റെ വിചാരണ നടപടികളും അവസാനിക്കുകയാണ്. പിതാവ് കുഞ്ഞിക്കണന്‍,മാതാവ് കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയ സൗമ്യയുടെ പേരില്‍ മൂന്ന് കുറ്റപത്രങ്ങളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇവയെല്ലാം തിരിച്ചയച്ചിരുന്നു.
സൗമ്യയുടെ ഫോണിലേക്ക് വന്ന കോളുകളുടെ വിശദാംസങ്ങള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയത്. ഫോണ്‍രേഖകള്‍ സഹിതം കുറ്റപത്രം വീണ്ടും സമര്‍പ്പിക്കാനൊരുങ്ങിയപ്പോള്‍ ആണ് സൗമ്യ ആത്മഹത്യ ചെയ്തത്. ഈ കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ മുഖ്യപ്രതി കൊല്ലപ്പെട്ട വിവരം പൊലീസ് കോടതിയെ അറിയിക്കുകയും സൗമ്യയുടെ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യും.
