Asianet News MalayalamAsianet News Malayalam

അഡ്വ. ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

police to produce advocate udayabhanu before court today
Author
First Published Nov 2, 2017, 7:15 AM IST

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെ ഇന്ന് ചാലക്കുടി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്ന് ഉദയഭാനുവിനെ അറസ്റ്റു ചെയ്തത്.

അഡ്വ സി പി ഉദയഭാനുവിന്റ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പൊലിസിന്റെ അറസ്റ്റ്. കഴിഞ്ഞ മൂന്നു ദിവസമായി തുപ്പൂണിത്തുറയിലെ വീട്ടില്‍ നിന്ന് മാറി നിന്നിരുന്ന ഉദയഭാനുവിന്റെ അറസ്റ്റ് രാത്രി എട്ടുമണിയോടെയാണ് രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ സഹോദരന്റ വീട്ടിലെത്തിയ തൃശൂര്‍ ഡിസി ആര്‍ ബി ഡി വൈ എസ് പി ഷംസുദീനാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മുന്‍കൂര്‍ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും അതുകൊണ്ട് വലിയ കാര്യമില്ല എന്ന് നിയമോപദേശം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കീഴടങ്ങാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസെത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉദയഭാനുവിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ കീഴടക്കിയതല്ല തങ്ങള്‍ തേടിപ്പിടിച്ച് അറസ്റ്റു ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ ഉദയഭാനുവിനെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. വസ്തു ഇടപാടുകാരനായ അങ്കമാലി സ്വദേശി രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ഉദയഭാനുവിനെ അറസ്റ്റു ചെയ്തത്. വസ്തു ഇടപാടിനായി നല്‍കിയ 70 ലക്ഷം രൂപ തിരികെ ലഭിക്കാതെ വന്നതോടെ ഗുണ്ടകളെ ഉപയോഗിച്ച് രേഖകളില്‍ ഒപ്പിടിക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Follow Us:
Download App:
  • android
  • ios