തിരുവനന്തപുരം: നടന്‍ ഫഹദ് ഫാസില്‍ വ്യാജ മേല്‍വിലാസം കാണിച്ച് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരെയും പ്രതികളാക്കും. കഴിഞ്ഞ ദിവസം പൊലീസിന് ഫഹദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാറുകള്‍ കമ്പനി ഡീലര്‍മാര്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് തനിക്ക് എത്തിച്ചുതരികയായിരുന്നുവെന്നാണ് ഫഹദ് പൊലീസിനോട് പറഞ്ഞത്. നിയമലംഘനമാണെന്ന് തനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. നികുതി വെട്ടിപ്പും ലക്ഷ്യമായിരുന്നില്ല. ഇതിന് പിഴ അടയ്‌ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാറുകള്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാര്‍ക്ക് നേരെ അന്വേഷണം നീളുന്നത്. ഡീലര്‍മാരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ഉടന്‍ ഡല്‍ഹിയിലേക്കും ബംഗളുരുവിലേക്കും യാത്ര തിരിക്കും.