പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് ചാക്കോയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചന. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകന് കൈമാറിയെന്ന് നേരത്തെ കസുനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോഴും സമാനമായ വിവരങ്ങള്‍ തന്നെ പൊലീസിന് കിട്ടിയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പ്രതീഷ് ചാക്കോയെ കസ്റ്റഡിലെടുത്ത ശേഷം ദിലീപിനൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം
നേരത്തെ പ്രതീഷ് ചാക്കോയുടെ വീട്ടിലും ഓഫീസിലും പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ല. പള്‍സര്‍ സുനിക്ക് പ്രതീഷ് ചാക്കോയെ പരിചയപ്പെടുത്തിയത് ദിലീപാണെന്നും പൊലീസ് പറയുന്നു. പ്രതീഷ് ചാക്കോയെ അറിയില്ലെന്നാണ് ഇന്നലെയും ദിലീപ് പറഞ്ഞത്. ഇതിലെ കൂടുതല്‍ സത്യാവസ്ഥകള്‍ അറിയണമെങ്കില്‍ ദിലീപിനെയും പ്രതീഷ് ചാക്കോയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഇന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി ഹാജരാവുന്നത്. ജാമ്യ ഹര്‍ജിയിലും ഇന്ന് കോടതി വാദം കേള്‍ക്കും. അതൊകൊണ്ടുതന്നെ കോടതിയുടെ ഇക്കാര്യത്തിലെ നിലപാട് നിര്‍ണ്ണായകമാവും.
