യുവതിയുടെ പരാതി അനുസരിച്ച് ആദ്യം രേഖപ്പെടുത്തിയ മൊഴിയില്‍ പീഡനം സംബന്ധിച്ച വിവരങ്ങള്‍ ഒന്നുമില്ലാത്തിനാലാണ് വീണ്ടും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ തന്നെ പീഡിപ്പിച്ചവരുമായി ചേര്‍ന്ന് പൊലീസ് കേസ് അട്ടിമറിച്ചെന്നായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ യുവതി വെളിപ്പെടുത്തിയത്. യുവതിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന ആരോപണം നേരിടുന്ന പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.എ ശരവദാസനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഇന്നലെ രാത്രി നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് ഏറെ പഴി കേട്ട കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണാമായും പാലിച്ച് സാവധാനം മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്ദ്യോഗസ്ഥര്‍ അന്വേഷണ ഉദ്ദ്യോഗസ്ഥന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ആദ്യ ഘട്ടമായി യുവതിക്ക് നോട്ടീസ് അയച്ച് അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് വെച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ശേഷമേ ആരോപണ വിധേയരായ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരായ നടപടി സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകൂവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
