മഠത്തിലെ ആറ് കന്യാസ്ത്രീമാരിൽ നാലുപേർ പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴികളെ പിന്തുണച്ചു

കോട്ടയം: കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്നു കൂടുതൽ മൊഴികൾ രേഖപ്പെടുത്തും. കന്യാസ്ത്രീ മഠത്തിന്റെ സമീപത്തുള്ളവരുടേയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുത്ത ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.

 ചങ്ങനാശ്ശേരി മജിസ്ട്രേട്ട് കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് അപേക്ഷ നൽകിയത്. മഠത്തിലെ ആറ് കന്യാസ്ത്രീമാരിൽ നാലുപേർ പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴികളെ പിന്തുണച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. അച്ചടക്ക നടപടിയാണ് പരാതിക്കാധാരമെന്ന നിലപാടിലായിരുന്നു മറ്റ് രണ്ട് കന്യാസ്ത്രീകൾ.