തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷാ വിവാദത്തില്‍ ചോദ്യം തയ്യാറാക്കിയ അധ്യാപകനെതിരെ ക്രിമിനല്‍ കേസ് എടുത്തേക്കും. അതിനിടെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്ന നിരവധി അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന്‍ സെന്ററുകളും ഏജന്‍സികളുമായും ബന്ധമുണ്ടെന്ന വിവരവും വിദ്യാഭ്യാസവകുപ്പിന് കിട്ടി.

കണക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയ കണ്ണൂര്‍ സ്വദേശിയായ അധ്യാപകനെയും അയാളുടെ സുഹൃത്തായ മറ്റൊരു അധ്യാപകനെയും കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസവകുപ്പിന്റെ അന്വേഷണം. രണ്ട് പേര്‍ക്കും അരീക്കോടെ മെറിറ്റ് എന്ന സ്ഥാപനത്തിന് പുറമെ ആറ്റിങ്ങലിലെയും കിളിമാനൂരിലെയും ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധമുണ്ടെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശിയായ അധ്യാപകന്റെ സുഹൃത്തായ അധ്യാപകന്‍ വര്‍ഷങ്ങളായി ചട്ടം ലംഘിച്ച് വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കണക്ക് പരീക്ഷാ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. ഇയാളില്‍ നിന്നും ലഭിച്ച ചോദ്യപേപ്പറാണ് എസ്.എസ്.എല്‍.സി ചോദ്യം തയ്യാറാക്കാനുള്ള പാനലിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി പരീക്ഷക്കായി നല്‍കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 

എസ്.സി.ഇ.ആര്‍.ടിയില്‍ ചോദ്യം തയ്യാറാക്കുന്ന അധ്യാപകരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബന്ധമുണ്ടെന്ന വിവരവും വിദ്യാഭ്യാസവകുപ്പിന് കിട്ടി. വന്‍ തുക നല്‍കി ക്വസ്റ്റ്യന്‍ സെറ്റേഴ്‌സില്‍ നിന്നും സ്വകാര്യ ഏജന്‍സികള്‍ ചോദ്യങ്ങള്‍ വാങ്ങിക്കാറാണ് പതിവ്. എസ്.എസ്‍.എല്‍.സിക്ക് വന്ന ഭൂരിപക്ഷം ചോദ്യങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ മാതൃകാ ചോദ്യത്തില്‍ നിന്നാണെന്ന് പരസ്യം വരെ ചില സ്ഥാപനങ്ങള്‍ നല്‍കാറുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശിയായ അധ്യാപകനെയും സുഹൃത്തായ അധ്യാപകനെയും സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത. പിന്നാലെ ക്രിമിനല്‍ കേസ് എടുത്ത് സമഗ്രമായ പൊലീസ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തേക്കും. അതിനിടെ 30ന് നടക്കേണ്ട കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ അച്ചടി ഇന്ന് തീരും. 29 നുള്ളില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനാണ് ശ്രമം.