തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വന്ന പോസ്റ്റുകളെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കു പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഇതേ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ഹൈടെക് സെല്‍ ഡി.വൈ.എസ്‌.പി ബിജുമോന്, ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചലച്ചിത്ര സംവിധായകന്‍ എം.കെ നിഷാദ് അടക്കമുള്ളവര്‍ പരാതിയും നല്‍കിയിരുന്നു.

സൈബര്‍ പൊലീസാകും കേസെടുത്ത് അന്വേഷണം നടത്തുക. മുഹമ്മദ് ഫര്‍ഹാദ് എന്നയാളിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തെ അനുകൂലിക്കുന്ന പോസ്റ്റ് ആദ്യം എത്തിയത്. ഇതിനെ പിന്തുണച്ച് നിരവധി പേര്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ക്കെതിരെ, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് നിരവധി പരാതികള്‍ ഡി.ജി.പിക്ക് ലഭിച്ച അടിസ്ഥാനത്തിലാണ് ഹൈ-ടെക് സെല്ലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്.