കോട്ടയത്തെ കെവിൻ വധക്കേസിന് പിന്നാലെയാണ് ക്രിമിനൽ കേസിൽപ്പെട്ട പൊലീസുകാർക്കെതിരായ വകുപ്പുതല നടപടികള്‍ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്.
തിരുവനന്തപുരം ക്രിമിനൽ കേസിൽ ഉള്‍പ്പെട്ട 59 പൊലീസുകാർക്കെതിരായ നടപടികള്‍ വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച് എഡിജിപി അധ്യക്ഷനായ സമിതിയുടെ ശുപാർശ. ഡിജിപിക്കാണ് സമിതി റിപ്പോർട്ട് കൈമാറിയത്.
കോട്ടയത്തെ കെവിൻ വധക്കേസിന് പിന്നാലെയാണ് ക്രിമിനൽ കേസിൽപ്പെട്ട പൊലീസുകാർക്കെതിരായ വകുപ്പുതല നടപടികള്‍ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്. ക്രൈം ബ്രാഞ്ച് എഡിജിപി ഷെയ്‍ഖ് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സമിതി 386 പൊലീസുകാർക്കെതിരായ കേസുകളാണ് പരിശോധിച്ചത്. ഇതിൽ ലൈംഗിക ആരോപണം, അടിപിടി, അക്രമി സംഘവുമായുള്ള ബന്ധം എന്നീ കേസുകളിൽപ്പെട്ട 59 പൊലീസുകാർക്കെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ശുപാർശ.
അതേസമയം കോടതിയിൽ വിചാരണ നടക്കുന്ന കേസുകളിൽ ഉത്തരവ് വരുന്നതിന് മുമ്പ് പിരിച്ചുവിട്ടാൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്ന നിയമോപദേശവും ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ 59 പേർക്കെതിരായ വകുപ്പുതല നടപടികളുടെ പുരോഗതി അടിന്തരമായി പരിശോധിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകി. വകുപ്പുതല അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുമായി കേസിലെ പ്രതികള്‍ ഒത്തുകളിച്ച് അന്തിമ റിപ്പോർട്ട് നീട്ടികൊണ്ടുപോവുകയാണ് പതിവ്. വകുപ്പുതലത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാലും ഡിജിപിക്ക് അപ്പീൽ നൽകാൻ പൊലീസുകാർക്ക് കഴിയും. ഇത്തരത്തിൽവരുന്ന അപ്പീലുകളും എത്രയും വേഗം തീർപ്പാക്കാനും പൊലീസ് ആസ്ഥാനത്ത് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.
