കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ഭീഷണിപ്പെടുത്തി എന്നതാണ് കേസ്. ഡിസംബര്‍ എട്ടിന് കണ്ണൂരില്‍ നടന്ന പൊതുയോഗത്തിലാണ് കേസിനാസ്പദമായ പ്രസംഗം ഷാജി നടത്തിയത്.  ഇതിനിടെ കെ എം ഷാജിയെ അയോഗ്യനാക്കാൻ ഇടയായ നോട്ടീസ് പൊലീസ് കണ്ടെടുത്തതല്ലെന്നു സൂചിപ്പിക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു.

വളപട്ടണം പൊലീസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ലഘുലേഖ സിപിഎം നേതാവ് ഹാജരാക്കിയതാണെന്ന വിവരങ്ങളുണ്ടായിരുന്നത്.  ഹൈക്കോടതിയിൽ തെറ്റായ മൊഴി നൽകിയ വളപട്ടണം എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

കേസിൽ സാക്ഷി വിസ്താര വേളയിൽ ലഘുലേഖ പിടിച്ചത് വളപട്ടണത്തെ കോൺഗ്രസ് പ്രവർത്തകയും പ‌ഞ്ചായത്ത് പ്രസിഡന്‍റുമായ എൻ പി മനോരമയുടെ വീട്ടിൽ നിന്നാണെന്നായിരുന്നു എസ്ഐ നൽകിയ മൊഴി. ഈ മൊഴി കൂടി പരിഗണിച്ചായിരുന്നു കെ എം ഷാജിയെ ജസ്റ്റിസ് പി ഡി രാജൻ അയോഗ്യനാക്കിയത്. എന്നാൽ, ഇത് തെറ്റാണെന്ന് കെഎം ഷാജി ഹൈക്കോടതിയിൽ നൽകിയ ഹ‍ർജിയിൽ വ്യക്തമാക്കുന്നത്.