ഇടുക്കി: ഓട്ടോറിക്ഷയാണെന്ന് കരുതി അബദ്ധത്തില്‍ പൊലീസ് ജീപ്പിന് കൈകാണിച്ചതിന് പോലീസ് മര്‍ദ്ദിച്ച ഗൃഹനാഥന്‍ മരിച്ച നിലയില്‍. തൊടുപുഴ മണക്കാട് പുതുപ്പരിയാരം മാടശേരിയില്‍ എം.കെ മാധവനാണ് (61) മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 25നാണ് മാധവനെ പൊലീസ് മര്‍ദ്ദിച്ചത്. 

തൊടുപുഴ സഹകരണ ആശുപത്രിയില്‍ നിന്ന് മരുന്നു വാങ്ങി മടങ്ങി വരുന്ന വഴിക്ക് അബദ്ധത്തില്‍ പൊലീസ് വാഹനത്തിന് കൈകാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. അബദ്ധത്തില്‍ കൈകാണിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരന്‍ അസഭ്യം പറഞ്ഞ ശേഷം മാധവനെ ജീപ്പില്‍ പിടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച മാധവനെ മൂന്ന് മണിക്കൂറോളം മര്‍ദ്ദിച്ച ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് വിട്ടയച്ചത്. 

പോക്കറ്റിലുണ്ടായിരുന്ന 4980 രൂപ പൊലീസുകാര്‍ മടക്കി നല്‍കിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റ മാധവന്റെ കണ്ണിന് പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം മാധവന്‍ മാനസികമായി തളര്‍ന്ന നിലയിലായിരുനന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

വെള്ളിയാഴ്ച വൈകിട്ട് മണക്കാട് അങ്കംവെട്ടി കവലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വന്ന മാധവനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തില്‍ പരാതിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായി തൊടുപുഴ എസ്.ഐ വി.സി വിഷ്ണുകുമാര്‍ പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.