ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം. തട്ടാറുകോണം സ്വദേശി സജീവിന്‍റെ സഹോദരി ഭര്‍ത്താവ് ശിവനെ അന്വേഷിച്ചാണ് കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാരായ സരസനും ഷിഹാബുദ്ദീനും വീട്ടിലെത്തുന്നത്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഒരു കേസിനെക്കുറിച്ച് ചോദിക്കാനായിരുന്നു ഇത്. ശിവൻ തങ്ങളുടെ വീട്ടിലല്ല താമസിക്കുന്നതെന്ന് സജീവ് പറഞ്ഞെങ്കിലും പൊലീസുകാര്‍ പോയില്ല. വീടിന്‍റെ കതക് തള്ളിമറിച്ചിട്ട പൊലിസുകാര്‍ സജീവിനെ പിടിച്ച് തള്ളി. തറയിലിട്ട് ചവിട്ടിയെന്നും ഇയാള്‍ പറയുന്നു. തടയാനെത്തിയ ഭാര്യ രജനിക്കും മര്‍ദ്ദനമേറ്റു. സജീവിന്‍റെ കൈയ്ക്ക് പൊട്ടലുണ്ട്.

ജാതി വിളിച്ച് ആക്ഷേപിച്ച പൊലീസുകാര്‍, ഇനിയും രാത്രി വീട്ടിലെത്തുമെന്ന് ഭീഷണിമുഴക്കിയതായും ഇവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് കിളികൊല്ലൂര്‍ എസ്.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇങ്ങനെയൊരു സംഭവം നടന്നതായി അദ്ദേഹം സമ്മതിച്ചു. കൂടാതെ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായും അറിയിച്ചു. മൂന്ന് മാസം മുമ്പാണ് കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനില്‍ ദലിത് യുവാക്കളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്.