മലപ്പുറം: മലപുറം കോട്ടക്കലില്‍ പരാതിയുമായെത്തിയ സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. മറ്റൊരു ബസിലെ ജീവനക്കാരുമായി സമയക്രമത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിപ്പോള്‍ മര്‍ദ്ദിച്ചെന്നാണ് കണ്ടക്ടറുടെ പരാതി. കോട്ടക്കല്‍ കാടാമ്പുഴ റൂട്ടിലോടുന്ന സുല്‍ത്താൻ എന്ന സ്വകാര്യബസിലെ കണ്ടക്ടര്‍ റൈഹാനാണ് മര്‍ദ്ദനമേറ്റത്.

മറ്റൊരു ബസിലെ ജീവനക്കാരുമായുള്ള തര്‍ക്കത്തെ തുടര്ന്ന് പരാതിപറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ കാരണമൊന്നുമില്ലാതെ എസ്.ഐ മര്‍ദ്ദിച്ചെന്നാണ് റൈഹാന്‍റെ പരാതി. അടിയേറ്റതോടെ അബോധാവസ്ഥയിലായ യുവാവിനെ പൊലീസ് തന്നെയാണ് ആശുപത്രിയിലാക്കിയത്. ചികിത്സക്ക് ശേഷം മണിക്കൂറുകള്‍ക്ക് കഴിഞ്ഞാണ് റൈഹാന് ബോധം തിരിച്ചുകിട്ടിയത്. 

സംഭവമറിഞ്ഞ് ആശുപത്രിയിലത്തിയ ബന്ധുക്കളേയും സി.പി.എം പ്രദേശിക നേതാക്കളേയും റൈഹാനെകാണാൻ ആദ്യം പൊലീസ് അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും അപസ്മാരരോഗിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണതാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. പരിക്കുകള്‍ വീഴ്ച്ചയിലുണ്ടായതാണെന്നും പൊലീസ് പറഞ്ഞു