കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പോലീസിന്‍റെ ക്രൂരമര്‍ദ്ദനം. സ്കൂളിനുമുന്നിലെ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഇതിലൊന്നും പങ്കാളിയാവാത്ത കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കായംകുളത്തെ എം.എസ്.എം സ്കൂളിന് പുറത്ത് പെണ്‍കുട്ടികളെ ശല്യം ചെയ്യാനെത്തിയ സംഘവുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറി. സംഭവമറിഞ്ഞ് കായംകുളം എസ്യു.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി. കൂടി നിന്നവരെയെല്ലാം അടിച്ചോടിച്ചു. അതിനിടെയാണ് സ്കൂളിനടുത്ത വീട്ടിലേക്ക് വന്ന വിദ്യാര്‍ത്ഥിയെ കായംകുളം എസ്.ഐ ഭീകരമായി മര്‍ദ്ദിച്ചത്.

കുട്ടിയുടെ ശരീരത്തില്‍ നിറയെ ലാത്തിയടിയേറ്റ പാടുകളുണ്ട്. ശരീരത്തില്‍ ഷൂസിട്ട് ചവിട്ടിയതായും ഇവിടെയുള്ള വീട്ടിലേക്ക് വന്നതാണെന്ന് പറഞ്ഞെങ്കിലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ഐ.ജിക്ക് പരാതി നല്‍കി. സംഭവത്തിന് ഉത്തരവാദിയായ പോലീസുദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ കായംകുളം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സംഘര്‍ഷം നിയന്ത്രിക്കാനുള്ള പോലീസ് നടപടിക്കിടെയാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതെന്നാണ് പോലീസിന്‍റെ വിശദീകരണം.