കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്നവര്‍ക്കിടയിലെ  ക്രിമിനലുകളെ കണ്ടെത്താനാകാതെ പൊലീസ്. ഇവരുടെ വ്യക്തമായ കണക്ക് പൊലീസിന്‍റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ കൈയിലില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ തൊഴില്‍ നയത്തില്‍ അതിഥി തൊഴിലാളികള്‍ എന്നാണ് ഇതര സംസ്ഥാന തൊഴിലാളികളെ വിശേഷിപ്പിച്ചിരിക്കുന്നത്. ജോലിക്കായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. എന്നാല്‍  ഇത് പാലിക്കപ്പെടുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് കൈയ്യില്‍ ഇല്ലെന്ന് സ്ഥിരീകരിച്ച ലേബര്‍ കമ്മീഷണര്‍ കണക്കെടുപ്പ് തുടരുകയാണെന്നാണ് പറയുന്നത്. 

തൊഴില്‍ വകുപ്പിന്‍റെ പക്കല്‍ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ പൊലീസും ഇരുട്ടില്‍ തപ്പുകയാണ്. ജിഷയ്‌ക്ക് പിന്നാലെ  പെരുമ്പാവൂരില്‍ നിമിഷ എന്ന വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവത്തോടെ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഭാഷാടിസ്ഥാനത്തില്‍ ശേഖരിക്കുമെന്നും ഇതിനായി പരിജ്ഞാനമുള്ള വളണ്ടിര്‍മാരെ നിയമിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി മൊബൈല്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യുമെന്ന പ്രഖ്യാപനവും പാഴായി. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള പദ്ധതിയും പൂര്‍ത്തിയായിട്ടില്ല. 

എന്നാല്‍ പദ്ധതികളൊന്നും ഉപേക്ഷിച്ചിട്ടില്ലെന്നും വിവരം ശേഖരിക്കുകയാണെന്നുമാണ് ലേബര്‍ കമ്മീഷണറുടെ വിശദീകരണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‍ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നുള്ള സ്വകാര്യ ഹര്‍ജിയില്‍ നടപടി എടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.