സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനായി എത്തുമെന്ന് മനിതി സംഘം നേരത്തേ രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയതായി എത്തുന്ന സംഘത്തിനും സംരക്ഷണം കൊടുക്കാനുള്ള നിയമപരമായ ബാധ്യത പൊലീസിനുണ്ട്. 

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കുമെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍. പമ്പയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധക്കാരെ നിയമപരമായി പൊലീസ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനായി എത്തുമെന്ന് മനിതി സംഘം നേരത്തേ രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയതായി എത്തുന്ന സംഘത്തിനും സംരക്ഷണം കൊടുക്കാനുള്ള നിയമപരമായ ബാധ്യത പൊലീസിനുണ്ട്. 

യുവതീ പ്രവേശന വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡും പൊലീസും ആണെന്ന് ഹൈക്കോടതി നിരീക്ഷക സമിതി വ്യക്തമാക്കിയിരുന്നു. തീരുമാനം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് ദേവസ്വം വകുപ്പും ബോര്‍ഡുമാണ്. അതേസമയം ശബരിമല ദർശനത്തിന് എത്തിയ മനിതി സംഘം പ്രവർത്തകർ പമ്പയിൽ കുത്തിയിരിപ്പ് പ്രതിഷേധം തുടരുകയാണ്. 

കൂടുതൽ യുവതികൾ ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അടക്കമുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവർ സഞ്ചരിക്കുന്ന ട്രെയിൻ പത്തരയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തും. ഇവരെ തൃശൂരിൽ തന്നെ തടയുമെന്നാണ് ശബരിമല കർമ്മസമിതി പ്രവർത്തകരുടെ നിലപാട്.