കോട്ടയം: വാഹന പരിശോധനക്കിടെ പിടിച്ചെടുത്ത സ്‌കൂട്ടറുമായി വരുകയായിരുന്ന പൊലീസുകാരനെ, എതിര്‍ദിശയില്‍ ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ വന്ന യുവാക്കള്‍ ഇടിച്ചുവീഴ്ത്തി. പൊലീസുകാരനെ കണ്ട് പേടിച്ച യുവാക്കള്‍ ബൈക്ക് വെട്ടിത്തിരിച്ചപ്പോഴാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ടി.ജി. അഭിലാഷിനാണ് പരുക്കേറ്റത്.
കാഞ്ഞിരപ്പള്ളി 26 ആം മൈലില്‍ ദേശീയപാതക്കരികില്‍ വാഹനപരിശോധന നടത്തുകയായിരുന്നു അഭിലാഷ് ഉള്‍പ്പെട്ട പൊലീസ് സംഘം. ഇതിനിടെ അശ്രദ്ധമായി ഓടിച്ച ഒരു സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുമായി കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്നു അഭിലാഷ്. തൊട്ടുപിന്നാലെ ഹൈവേ പൊലീസിന്റെ വാഹനവുമുണ്ടായിരുന്നു. ഫയര്‍ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് അപകടം ഉണ്ടാകുന്നത്. എതിര്‍ദിശയില്‍ മൂന്ന് യുവാക്കള്‍ ബൈക്കില്‍ വരുന്നു. ഹെല്‍മെറ്റുമില്ല. ഹൈവേ പൊലീസിന്റെ വാഹനം കണ്ടതോടെ ഇവര്‍ പേടിച്ച് ബൈക്ക് വെട്ടിത്തിരിച്ചു. അഭിലാഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചുകയറി. ബൈക്കുമായി യുവാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. കാലിന് പരുക്കേറ്റ അഭിലാഷിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപകടം നടന്നതിന് കുറച്ചകലെനിന്ന് ബൈക്ക് കണ്ടെടുത്തു. ബൈക്കിലുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
