Asianet News MalayalamAsianet News Malayalam

കര്‍ണാടകയില്‍ വീണ്ടും പൊലീസ് ആത്മഹത്യ

Policeman commits suicide in Karnataka
Author
Mangaluru, First Published Jul 8, 2016, 11:27 PM IST

മംഗളൂരു ∙ കര്‍ണാടകയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു.  മംഗളൂരു പശ്ചിമമേഖലാ ഐജി ഓഫിസ് ഡിവൈഎസ്‍പി എം.കെ.ഗണപതിയെ (51)യാണ് കഴിഞ്ഞദിവസം മടിക്കേരിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൊഴിൽപീഡനം ആരോപിച്ചുള്ള ചാനല്‍ അഭിമുഖത്തിനു തൊട്ടു പിന്നാലെയാണു മരണം. ഇതോടെ കര്‍ണാടകയില്‍ മൂന്നു ദിവസത്തിനിടെ ജീവനൊടുക്കിയ ഡിവൈഎസ്‍പിമാരുടെ എണ്ണം രണ്ടായി. ചിക്കമഗളൂരുവിൽ ആരോപണവിധേയനായ സബ്‍ഡിവിഷണല്‍ ഡിവൈഎസ്‍പി കല്ലപ്പഹാന്‍ഡി ബാഗ് ഈ മാസം അഞ്ചിനു ജീവനൊടുക്കിയതിനു പിന്നാലെയാണു പുതിയ സംഭവം. മേലധികാരികളുടെ സമ്മര്‍ദ്ദം നേരിടാനാകാതെ ഡിവൈഎസ്‍പി അനുപമ രാജി വച്ചതും അടുത്തകാലത്താണ്. പുതിയ സംഭവത്തെ  തുടർന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു.

മുൻ ആഭ്യന്തരമന്ത്രി കെ ജെ ജോർജ്, ഇന്റലിജൻസ് എഡിജിപി എ.എം.പ്രസാദ്, ലോകായുക്ത ഐജി പ്രണബ് മൊഹന്തി എന്നിവർക്കെതിരെയാണു ടിവി അഭിമുഖത്തിൽ ഗണപതി ആരോപണങ്ങൾ ഉന്നയിച്ചത്. ജാതിയുടെയും മറ്റും പേരിൽ മാറ്റിനിർത്തുന്നതിൽ നിരാശയുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്യരുതെന്നും അഭിമുഖത്തിൽ ഗണപതി പറഞ്ഞിരുന്നു. മന്ത്രിക്കും മറ്റുമെതിരെ പരാമർശങ്ങളുമായി ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

എന്നാല്‍ ആത്മഹത്യയുമായി തനിക്കു ബന്ധമില്ലെന്നും 2014ൽ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവുമായി സമീപിച്ചപ്പോഴല്ലാതെ ഗണപതിയെ കണ്ടിട്ടില്ലെന്നും കെ.ജെ.ജോർജ് പ്രതികരിച്ചു.

കുടുംബപ്രശ്നങ്ങളെ തുടർന്നു ഗണപതി മാനസികമായി തളർന്ന നിലയിലായിരുന്നുവെന്നു പിതാവിന്‍റെ മൊഴി. പൊലീസ് സേനയിലെ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios