ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ അരക്ഷിതാവസ്ഥയിലാണ് ഇവിടെ കഴിയുന്നത്.
ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഇടുക്കി കുളമാവ് പോലീസ് സ്റ്റേഷൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ അരക്ഷിതാവസ്ഥയിലാണ് ഇവിടെ കഴിയുന്നത്. മഴയിൽ ചോർന്നൊലിച്ച് ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് കുളമാവ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഓരോ കാറ്റടിക്കുമ്പോഴും പൊലീസുകാർ ഭയന്ന് കെട്ടിടത്തിന് പുറത്തിറങ്ങും. കഴിഞ്ഞ ദിവസം ഇവിടെ മണ്ണിടിച്ചിലുമുണ്ടായി. മണ്ണിനൊപ്പം മരങ്ങളും നിലംപൊത്തുന്നതിനിടയിൽ നിന്ന് പോലീസുകാർ രക്ഷപ്പെട്ടത് എങ്ങനെയോ.
ക്വാർട്ടേഴ്സുകളുടെ അവസ്ഥയും ദയനീയമാണ്. ചോർന്നൊലിക്കുന്ന ഈ കെട്ടത്തിടത്തിലാണ് വനിതാ എസ്.ഐ ഉൾപ്പെടെയുള്ളവർ താമസിക്കുന്നത്. പരാതികൾക്കൊടുവിൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റാൻ നടപടിയായി. എന്നാൽ കെട്ടിടത്തിന് ഭീഷണിയായി ഏത് നിമിഷം വീഴാമെന്ന നിലയിൽ നിൽക്കുന്ന സമീപത്തെ സ്കൂൾ മതിലിന്‍റെയടക്കം കാര്യത്തിൽ തീരുമാനമായിട്ടില്ല. മഴയും കാറ്റും തുടർന്നാൽ ദുരിതം ദുരന്തമാകുമോ എന്ന ആശങ്കയിലാണ് പൊലീസുകാരും പ്രതികളും.
