ദില്ലി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പരാതിയുടെ കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന തള്ളി പാർട്ടി പോളിറ്റ് ബ്യൂറോ. നടപടി ആവശ്യപ്പെട്ടെന്ന് യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെ ഇടപെട്ടില്ലെന്ന് പിബി പ്രസ്താവനയിറക്കി. പരാതി മൂടിവച്ച വിഷയം കേന്ദ്രനേതാക്കൾക്കിടയിലും കടുത്ത ഭിന്നതയ്ക്ക് ഇടയാക്കുകയാണ്.

പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി കിട്ടിയെന്നും കേരളത്തിൽ നടപടിയെടുക്കാനാണ് നിർദ്ദേശമെന്നും സീതാറാം യെച്ചൂരി രാവിലെ മാധ്യമങ്ങളോട് സ്ഥിരീരികരിച്ചു. എന്നാൽ ഉച്ചയോടെ പുറത്തിറക്കിയ പ്രസ്താവനയിൽ കേന്ദ്ര നേതൃത്വം ഇടപെട്ടതായുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് പോളിറ്റ് ബ്യൂറോ. പരാതി കിട്ടിയില്ല എന്ന് പ്രസ്താവന പറയുന്നില്ല. അത്തരം പരാതികൾ കേരളത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന വിശദീകരണം മാത്രം. ഫലത്തിൽ യെച്ചൂരി ഇടപെട്ട് അന്വേഷണം നടത്തിയെന്ന വാദം തള്ളാനാണ് പിബിയിൽ ഭൂരിപക്ഷമുള്ള പ്രകാശ് കാരാട്ട് പക്ഷത്തിന്‍റെ ശ്രമം.

വൃന്ദകാരാട്ടിന് കഴിഞ്ഞമാസം 14ന് അയച്ച പരാതി 28നാണ് ദില്ലിയിൽ കിട്ടിയതെന്നാണ് സൂചന. മലയാളത്തിലുള്ള പരാതി സിസി ഓഫീസിലെ ചിലർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. എന്നാൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബിയും അറിഞ്ഞില്ല. ഇന്നലെ ഉച്ചയോടെ പരാതിക്കാരി യെച്ചൂരിക്ക് ഇമെയിൽ നൽകിയ ശേഷം നേരിട്ടു വിളിച്ചു. അപ്പോഴാണ് അവയിലബിൾ പിബി വിളിച്ച് രണ്ടംഗ കമ്മീഷൻ രൂപീകരിക്കാനുള്ള നിർദ്ദേശം സംസ്ഥാന നേതാക്കൾക്കു നല്‍കിയത്. എന്നാൽ ഇതെല്ലാം നിഷേധിച്ചു കൊണ്ടാണ് പിബി രംഗത്തു വന്നിരിക്കുന്നത്. പിബി നിഷേധിക്കുമ്പോഴും പരാതി പരസ്യമായി സ്ഥിരീകരിച്ച് ഇത് മൂടിവയ്ക്കാൻ നടന്ന ശ്രമത്തിലെ അതൃപ്തി കൂടിയാണ് യെച്ചൂരി പ്രകടിപ്പിക്കുന്നത്.

അതേസമയം, മൂന്നാഴ്ച്ച മുന്‍പു തന്നെ സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നുവെന്നും ഇതില്‍ ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.