കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച പോളിറ്റ് ബ്യൂറോ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ദില്ലിയില്‍ ചേരുന്ന സി.പി.എം പിബി യോഗത്തില്‍ വയ്‌ക്കും. വി.എസ് അച്യുതാനന്ദനെതിരെ റിപ്പോര്‍ട്ടില്‍ അച്ചടക്ക നടപടിക്കു ശുപാര്‍ശയില്ലെന്നാണ് സൂചന. ഇപ്പോള്‍ അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്നും പാര്‍ട്ടിയിലെ ഐക്യം നിലനിറുത്തണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം ഈ വിഷയത്തില്‍ കേന്ദ്ര നേതാക്കള്‍ തേടിയിരുന്നു. വി.എസിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചന അടുത്ത കേന്ദ്രകമ്മിറ്റിക്കു വിടും. നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രവും യോഗം ചര്‍ച്ച ചെയ്യും. രണ്ടു ദിവസത്തെ പി.ബി യോഗമാണ് നേരത്തെ നിശ്ചയിച്ചതെങ്കിലും പാര്‍ലമെന്റ് സമ്മേളനം കാരണം ഒരു ദിവസമായി ചുരുക്കിയിട്ടുണ്ട്.