ദോഹ: ഖത്തറിനെതിരായ ഉപരോധം തുടരുന്നതിനിടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും മാറ്റത്തിന്റെ സൂചനകള്‍. മേഖലയില്‍ ഷിയാ സഖ്യം രൂപപ്പെടുന്നതില്‍ അസന്തുഷ്ടിയുണ്ടായിരുന്ന സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ചില ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അണിയറ നീക്കങ്ങള്‍ തുടങ്ങിയതായാണ് സൂചന.

ഇറാന്‍ കേന്ദ്രമാക്കി മേഖലയില്‍ ഷിയാ സഖ്യം രൂപപ്പെടുന്നതിനെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന സൗദി അറേബ്യയും ചില ഗള്‍ഫ് രാജ്യങ്ങളും നിലപാടില്‍ മാറ്റം വരുത്തുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇറാനിലെ ആത്മീയ നേതാവ് മുക്തദ അല്‍ സദ്‌റിന്റെ സൗദി സന്ദര്‍ശനവും സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ഇതിനു പിന്നാലെ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സൗദി ഇറാഖിന്റെ സഹായം തേടിയതായുള്ള വാര്‍ത്തയും പുറത്തു വരുന്നുണ്ട്. ഇറാഖിലെ ഒരു പ്രമുഖ ടെലിവിഷന്‍ ചാനല്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാക്ക് പ്രധാന മന്ത്രി ഹൈദര്‍ അല്‍ അബാദിയോട് ഇക്കാര്യത്തില്‍ മധ്യസ്ഥം വഹിക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൗദി സന്ദര്‍ശന വേളയില്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചതായും ഇറാന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടി ലഭിച്ചതായും ഇറാക്ക് അഭ്യന്തര കാര്യ മന്ത്രി ഖാസിം അല്‍ അറാജിയെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനും സൗദിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത്മേ മേഖലയെ ശക്തിപ്പെടുത്തുമെന്നും .ഇതിനാവശ്യമായതെല്ലാം ചെയ്യാന്‍ ഇറാക്കിനു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ യെമനില്‍ രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ തയ്യാറാണെന്ന് സൗദി - അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായുള്ള രഹസ്യ റിപ്പോര്‍ട്ട് പുറത്തുവന്നു. ചോര്‍ന്നു കിട്ടിയ ഇമെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ ഒരു പ്രമുഖ ന്യുസ് പോര്‍ട്ടലാണ് വാര്‍ത്ത പുറത്തു വിട്ടത്. യെമനിലെ സൗദി ഇടപെടലിനെ വിമര്‍ശിച്ച ഖത്തറിനെതിരെ സൗദി നിലപാടുകള്‍ കര്‍ക്കശമാക്കിയതിന്റെ ഒരു മാസം മുമ്പാണ് ഇത്തരമൊരു ഇമെയില്‍ അയച്ചതെന്ന് കരുതപ്പെടുന്നു. മുന്‍ യു.എസ് സുരക്ഷ ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ ഹാട്‌ലി, ഇസ്രായേലിലെ മുന്‍ യു എസ് അംബാസഡര്‍ മാര്‍ടിന്‍ ഇന്‍ഡിക് എന്നിവരുമായാണ് സൗദി രാജകുമാരന്‍ ഇക്കാര്യം സംസാരിച്ചതെന്നാണ് വിവരം.

ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് സൗദി സഖ്യരാജ്യങ്ങള്‍ പറഞ്ഞ രണ്ടു പ്രധാന കാരണങ്ങള്‍ ഇറാനുമായുള്ള ബന്ധവും യെമനിലെ സൗദി ഇടപെടലില്‍ ഖത്തര്‍ നടത്തിയ വിമര്‍ശനവുമായിരുന്നു.