ഗോവയിൽ മറുതന്ത്രം സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം നാളെ ഗവര്‍ണറെ സമീപിക്കും ബിഹാറിൽ ആര്‍ജെഡിയും ഗവര്‍ണറെ കാണും

പനാജി: വലിയ ഒറ്റകക്ഷിയെന്ന നിലയിൽ കര്‍ണാടകയിൽ അധികാരം പിടിച്ച ബി.ജെ.പിക്ക് ഗോവയിൽ തിരിച്ചടി നല്‍കാൻ ഒരുങ്ങി കോണ്‍ഗ്രസ് സക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഇന്ന് ഗവര്‍ണറെ കാണും. ബിഹാറിൽ ആര്‍ജെഡിയും സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറെ സമീപിക്കും. കര്‍ണാടകയിൽ ജെഡിഎസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടിട്ടും അനുമതി കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ഗോവയിൽ കോൺഗ്രസിന്‍റെ മറുതന്ത്രം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാല്‍പ്പത് സീറ്റിൽ 17 എണ്ണം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും 13 സീറ്റ് മാത്രമുള്ള ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ഗവര്‍ണര്‍ മൃദുല സിൻഹയെ കോൺഗ്രസ് സമീപിക്കും. കര്‍ണാടക ഗവര്‍ണറുടെ നടപടിയുടെ ചുവടുപിടിച്ചാണ് നീക്കം. രാജ്ഭവനിലേക്ക് കോൺഗ്രസ് എംഎൽഎമാര്‍ നാളെ മാര്‍ച്ച് നടത്തും. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയേയും എംജിപിയുടേയും മൂന്ന് വീതം എംഎൽഎമാരേയും മൂന്ന് സ്വതന്ത്ര എംഎൽഎമാരേയും കൂട്ടുപിടിച്ച് ബിജെപിയുണ്ടാക്കിയ സര്‍ക്കാര്‍ പിരിച്ചവിടണമെന്നാണ് ആവശ്യം.

കര്‍ണാടക ഗവര്‍ണറുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ സംഘടിപ്പിക്കും. ബിഹാറിൽ ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജസ്വി യാദവിന്‍റെ നേതൃത്വത്തിലുള്ള എംഎൽഎമാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ധര്‍ണയും ആര്‍ജെഡി സംഘടിപ്പിക്കും