പേപ്പർ ക്യാരി ബാഗിന് 6 രൂപ അധികം ഈടാക്കിയതിന് പ്രമുഖ പാദരക്ഷാ ബ്രാൻഡായ ബാറ്റ ഇന്ത്യയ്ക്ക് 10,000 രൂപ പിഴ ചുമത്തി ദില്ലി ഉപഭോക്തൃ കോടതി. ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാതെ ഇത്തരം ചാർജുകൾ ചുമത്തുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഈ വിധി ഉപഭോക്തൃ അവകാശങ്ങളുടെ പ്രാധാന്യം അടിവരയിടുന്നു.
വിപണിയിലെ പ്രമുഖ പാദരക്ഷാ ബ്രാൻഡായ ബാറ്റ ഇന്ത്യയ്‌ക്ക് (Bata India) വൻ തിരിച്ചടി നൽകി കൺസ്യൂമർ കോടതിയുടെ സുപ്രധാന വിധി. ചെരുപ്പ് വാങ്ങിയ ഉപഭോക്താവിൽ നിന്നും പേപ്പർ ക്യാരി ബാഗിനായി 6 രൂപ അധികം ഈടാക്കിയതിനാണ് ബാറ്റയോട് 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ സൗത്ത് ദില്ലി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (DCDRC) ഉത്തരവിട്ടത്. ദില്ലി സ്വദേശിനിയായ പ്രീതി അഗർവാൾ നൽകിയ പരാതിയിലാണ് നടപടി. 2023 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ദില്ലിയിലെ ബാറ്റ സ്റ്റോറിൽ നിന്നും 1,499 രൂപ വിലയുള്ള ഷൂസ് വാങ്ങിയ പ്രീതിയോട് ബില്ലിംഗ് കൗണ്ടറിൽ എത്തിയപ്പോഴാണ് ക്യാരി ബാഗിന് 6 രൂപ അധികം നൽകണമെന്ന് ആവശ്യപ്പെട്ടത്.
ഉപഭോക്താവിന്റെ വാദം
താൻ സാധനം വാങ്ങുന്നതിന് മുൻപ് ക്യാരി ബാഗിന് പണം ഈടാക്കുമെന്ന വിവരം സ്റ്റോറിൽ എവിടെയും പ്രദർശിപ്പിച്ചിരുന്നില്ലെന്ന് പ്രീതി അഗർവാൾ ചൂണ്ടിക്കാട്ടി. ബില്ലിംഗ് കൗണ്ടറിൽ എത്തുമ്പോൾ മാത്രം ഇത്തരം ചാർജുകൾ അറിയിക്കുന്നത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്. മാത്രമല്ല, വിലകൂടിയ ഷൂസ് വാങ്ങിയിട്ട് അതിന്റെ ബോക്സ് കൈയിൽ പിടിച്ചുകൊണ്ട് പോകാൻ ഉപഭോക്താക്കൾക്ക് കഴിയില്ലല്ലോ എന്നും അവർ വാദിച്ചു.
കൺസ്യൂമർ കമ്മീഷന്റെ നിരീക്ഷണം
കമ്മീഷൻ പ്രസിഡന്റ് മോണിക്ക എ. ശ്രീവാസ്തവ, അംഗം കിരൺ കൗശ എന്നിവരടങ്ങിയ പാനലാണ് കേസ് പരിഗണിച്ചത്. കമ്മീഷന്റെ പ്രധാന നിരീക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
മുൻകൂട്ടി അറിയിക്കണം: കമ്പനിയുടെ ബ്രാൻഡിംഗ് ഇല്ലാത്ത പ്ലെയിൻ ക്യാരി ബാഗുകൾക്ക് പണം ഈടാക്കാൻ വ്യാപാരികൾക്ക് നിയമപരമായി അനുവാദമുണ്ട്. എന്നാൽ, ബാഗിന് പണം ഈടാക്കുമെന്ന കാര്യം സ്റ്റോറിനുള്ളിൽ പ്രകടമായ ബോർഡുകളിലൂടെയോ നോട്ടീസുകളിലൂടെയോ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിച്ചിരിക്കണം.
നോട്ടീസുകൾ ഉണ്ടായിരുന്നില്ല: പരാതിക്കാരി സമർപ്പിച്ച ഫോട്ടോകൾ പരിശോധിച്ചതിൽ നിന്നും ഈ സ്റ്റോറിൽ അത്തരം നോട്ടീസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇത് ഉപഭോക്താവിന് കൃത്യമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അവസരത്തെ തടയുന്നതാണ്.
നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസ്സൽ കമ്മീഷന്റെ (NCDRC) മുൻ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാറ്റ പരാജയപ്പെട്ടുവെന്നും എല്ലാ സ്റ്റോറുകളിലും ഈ നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനി വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.
ബാറ്റയുടെ ഭാഗം
എന്നാൽ കമ്മീഷന് മുന്നിൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാനാണ് ബാറ്റ ശ്രമിച്ചത്. പേപ്പർ ക്യാരി ബാഗ് എന്നത് എംആർപി (MRP) ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ വിവരങ്ങളും രേഖപ്പെടുത്തിയ ഒരു പ്രത്യേക ഉൽപ്പന്നമാണെന്ന് കമ്പനി വാദിച്ചു. ലീഗൽ മെട്രോളജി നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള പ്ലെയിൻ ബാഗാണ് നൽകിയതെന്നും ഉപഭോക്താവിന്റെ സമ്മതത്തോടെയാണ് പണം ഈടാക്കിയതെന്നും ബാറ്റ വ്യക്തമാക്കി. മറ്റ് ചില സ്റ്റോറുകളിൽ നോട്ടീസുകൾ സ്ഥാപിച്ചിട്ടുള്ള ഫോട്ടോകളും കമ്പനി തെളിവായി ഹാജരാക്കിയിരുന്നു. മുൻപും ചണ്ഡീഗഡ്, ജയ്പൂർ എന്നിവിടങ്ങളിലെ ഉപഭോക്തൃ ഫോറങ്ങളും സമാനമായ രീതിയിൽ ബാറ്റയ്ക്ക് പിഴ ചുമത്തിയിട്ടുണ്ട്. കമ്പനിയുടെ പരസ്യം (Branding) അടങ്ങിയ ക്യാരി ബാഗുകൾക്ക് ഉപഭോക്താക്കളിൽ നിന്നും പണം ഈടാക്കരുതെന്നും അത് ബ്രാൻഡിന്റെ പരസ്യത്തിന് ഉപഭോക്താക്കളെക്കൊണ്ട് പണം ചിലവഴിപ്പിക്കുന്നതിന് തുല്യമാണെന്നും അന്ന് കോടതികൾ നിരീക്ഷിച്ചിരുന്നു.


