ബാര്‍കേസിന്റെ പേരില്‍ യു.ഡി.എഫ് ബന്ധം വിട്ട കെ.എം മാണിക്ക് തുടരന്വേഷണം കനത്ത തിരിച്ചടിയാണ്. കെ.എം മാണിയുമായി രാഷ്‌ട്രീയ നീക്കത്തിന് തല്‍ക്കാലം ആരും മുതിരില്ല. മാണി യു.ഡി.എഫ് വിട്ടപ്പോള്‍ പ്രശ്നാധിഷ്‌ഠിത സഹകരണമാകാമെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തന്നെ മാണിയെ ഇന്ന് തള്ളിപ്പറഞ്ഞു. വിഎസ് അച്ചുതാനന്ദന്റെയും സി.പി.ഐ നേതൃത്വത്തിന്റെയുമൊക്കെ നിലപാട് തള്ളി മാണിയെ പിന്തുണക്കാന്‍ തയ്യാറായ കോടിയേരിയുടെ നിലപാട് മാറ്റം ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതൃത്വമാകട്ടെ വളരെ കരുതലോടെയാണ് പ്രതികരിച്ചത്. എല്‍.ഡി.എഫിന്റെ ക്ഷണം കെ.എം മാണി നിരസിച്ചപ്പോഴുണ്ടായ നിലപാട് മാറ്റത്തിന് കാരണം തേടുന്ന കോണ്‍ഗ്രസ് എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്കെന്ന് പറഞ്ഞ് തല്‍ക്കാലം മാണിക്ക് പിന്തുണയില്ലെന്നും സൂചിപ്പിക്കുന്നു.
കെ.എം മാണി എന്‍.ഡി.എ യിലേക്ക് പോകുന്നു എന്ന പ്രചരണവും ശക്തമായിരുന്നു. വാതില്‍ തുറന്നു കിടക്കുന്നുവെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നത്. അന്വേഷണം നടക്കട്ടെയെന്ന് പറയുമ്പോഴും ഗൂഡാലോചനക്കുറ്റം ആരോപിച്ച് കെ.എം മാണിയെ തലോടാനും ബി.ജെ.പി ശ്രമിക്കുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ശങ്കര്‍ റെഡ്ഡിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്ചുതാനന്ദനും, മാണിക്കെതിരായ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രനും രംഗത്തെത്തി. ബാര്‍ കേസന്വേഷണം വീണ്ടും സജീവമാകുമ്പോള്‍ പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് കൂടുതല്‍ ഒറ്റപ്പെടാന്‍ തന്നെയാണ് സാധ്യത.
