കണ്ണൂർ: നാടു മുന്നേറുമ്പോഴും കണ്ണൂരിൽ അനുദിനം ആവർത്തിക്കുന്ന പ്രാകൃത രീതിയിലുള്ള കൊലപാതകങ്ങളിൽ ആശയങ്കയറിയിച്ച് എഴുത്തുകാരും. തോറ്റു കൊടുക്കാൻ ഏതെങ്കിലുമൊരു പക്ഷം തയാറായാൽ മാത്രമേ രക്തച്ചൊരിച്ചില്‍ അവസാനിക്കൂ എന്നാണ് മയ്യഴിയുടെ കഥാകാരൻ എം മുകുന്ദന്റെ പക്ഷം. വിദ്വേഷം വളർത്തുന്നത് നിർത്തി, കൊല്ലുന്നത് രാഷ്ട്രീയമല്ലെന്ന് അണികളെ പഠിപ്പിക്കാൻ നേതാക്കൾ തയാറാകണമെന്ന് എഴുത്തുകാരൻ സി.വി ബാലകൃഷ്ണനും ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താ പരമ്പരയോട് പ്രതികരിച്ചു.

വലിയ വികസന സ്വപ്നങ്ങൾ മുന്നിൽ നിൽക്കെ, അനുദിനം കിരാതമാകുന്ന കൊലകളിൽ മുങ്ങുന്ന കണ്ണൂരിനെക്കുറിച്ച് വേവലാതിപ്പെട്ടൊരാൾ.പിറകോട്ട് തിരിഞ്ഞു നോക്കിയാൽ കണ്ണൂരിന്റേത് സമ്പന്നമായ പാരമ്പര്യംമെന്ന് മറ്റൊരാൾ. നല്ല ഭൂതകാലവും നല്ല ഭാവിയുമുള്ള നാട് ഇനിയും ഭയം ജനിപ്പിക്കുന്ന പേരായി തുടരാതിരിക്കാൻ, ആയുധമെടുക്കുന്ന ആരെങ്കിലുമൊരാൾ തോറ്റുകൊടുക്കണമെന്ന് എം. മുകുന്ദൻ പറയുന്നത് ഇരുപക്ഷത്തോടുമാണ്.
ജാതീയ സംഘർഷങ്ങളുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പരിഹസിക്കുന്ന കേരളത്തിൽ, കണ്ണൂരിൽ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന നരബലിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുകയാണ് സി.വി ബാലകൃഷ്ണൻ. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ജനങ്ങളുമെല്ലാം ഒരുമിച്ചാവശ്യപ്പെടുന്നത് ഒറ്റക്കാര്യം...
വാൾത്തലപ്പുകളുടെ മിന്നൽ ഇനിയും ജില്ലയെ ഭയപ്പെടുത്താതിരിക്കട്ടെ.