ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളിയിൽ നിന്ന് രാഷ്ടീയ പാർട്ടികൾ ഒഴിഞ്ഞു മാറി. ഇന്ന് കമ്മീഷൻ ഒരുക്കിയ പരിശോധനയിൽ എൻ.സി.പിയും സി.പി.എമ്മും മാത്രം സംശയം ചോദിച്ച് മടങ്ങി. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകില്ലെന്നും എതു സമയത്തും വെല്ലുവിളി നേരിടാൻ തയ്യാറാണെന്നും പരിശോധനയ്ക്കു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പതിനാല് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ഇന്ന് പരിശോധനയ്ക്കായി എത്തിച്ചത്. ഹാക്കിംഗിനില്ലെന്നും പരിശോധിക്കാനെത്തിയതാണെന്നും വ്യക്തമാക്കിയ സി.പി.എം അംഗങ്ങൾ സംശയം തീർത്ത് മടങ്ങി. പ്രതിനിധികൾക്ക് മദർ ബോർഡിന്റെയും ചിപ്പിന്റെയും നമ്പർ കമ്മീഷൻ കൈമാറി. ഇതുപയോഗിച്ച് ഏപ്പോൾ വേണമെങ്കിലും എത്തി ഹാക്കിംഗ് നടത്താൻ കമ്മീഷൻ വെല്ലുവിളിച്ചു. എന്നാൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച മെഷീനുകളെക്കുറിച്ചാണ് സംശയമെന്ന് എൻ.സി.പി അറിയിച്ചു. കമ്മീഷൻ മെഷീനുകൾ സ്വതന്ത്ര പരിശോധനയ്ക്ക് കൈയ്യിൽ തന്നില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്നും കമ്മീഷന്റെ ഇ.വി.എം ഹാക്ക് ചെയ്യാനാവില്ല എന്ന് വ്യക്തമായെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടു.

ആം ആദ്മി പാർട്ടി സമാന്തര ഹാക്കത്തോൺ സംഘടിപ്പിച്ചത് ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയുടെ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. നാലു മണിക്കൂറിൽ ഒന്നും തെളിയിക്കാനാവില്ലെന്നും പരിശോധന വെറും തന്ത്രമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.