ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച സംഭാവനയില്‍ പകുതിയിലധികവും പോക്കറ്റിലാക്കിയത് ബിജെപി. 25 ശതമാനം വരുമാനം കോണ്‍ഗ്രസ് കൈക്കലാക്കിയപ്പോള്‍ സിപിഎമ്മും ബിഎസ്പിയും ഉള്‍പ്പടെ ബാക്കി എല്ലാ ദേശീയപാര്‍ട്ടികളും കൂടി പങ്കിട്ടത് 20 ശതമാനം. ബിജെപിയും കോണ്‍ഗ്രസും ഭൂരിഭാഗം വരുമാനത്തിന്‍റെയും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്
ദില്ലി ആസ്ഥാനമായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്സ് ആണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം സംബന്ധിച്ച കണക്കുകളും വിശകലനങ്ങളും പുറത്ത് വിട്ടത്.തെരഞ്ഞെടുപ്പ് കമീഷന്‍ ഓരോ പാര്‍ട്ടികളും നല്‍കിയ റിട്ടേണുകളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.
ഏഴ് ദേശീയപാര്‍ട്ടികള്‍ ചേര്‍ന്ന് വിവിധ മാര്‍ഗങ്ങളിലൂടെ പിരിച്ചത് 1033 കോടി രൂപ. ഇതില്‍ പകുതിയിലധികവും ബിജെപിക്ക്.570 കോടി രൂപ മൊത്തം വരുമാനത്തിന്‍റെ 55 ശതമാനം. തൊട്ടുപിന്നില്‍ 261 കോടിരൂപയുമായി കോണ്‍ഗ്രസാണ്.25 ശതമാനം. കേരളത്തിലും തൃപുരയിലും മാത്രം സജീവമെന്ന് പരിഹസിക്കുമെങ്കിലും വരുമാനത്തിന്‍റെ കാര്യത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം സിപിഎമ്മിനാണ്.
107 കോടി രൂപ. സിപിഐയുടെ കാര്യം പക്ഷെ അത്ര പന്തിയല്ല. വെറും രണ്ട്കോടിരൂപയാണ് കഴിഞ്ഞ വര്‍ഷം സിപിഐക്ക് പിരിക്കാനായത്. അതേ സമയം ബിജെപിയും കോണ്‍ഗ്രസും പിരിച്ച തുകയുടെ 77 ശതമാനത്തിന്‍റെയും ഉറവിടവും വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായകാര്യം. ഇരുപതിനായിരം രൂപവരെയുള്ള സംഭാവനകള്‍ക്ക് ഉറവിടം കാണിക്കേണ്ടതില്ല എന്ന വ്യവസ്ഥയുണ്ട്.
ഇത്തരത്തില്‍ ഉറവിടം വ്യക്തമാക്കണ്ടതില്ലാത്ത പട്ടികയിലാണ് ഇരു പാര്‍ട്ടികളും തങ്ങളുടെ കൂടുതല് വരുമാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിട്ടേണുകള്‍ സമര്പ്പിക്കുന്നതിന്‍റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യതക്ക് വേണ്ടി പോരാടുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍ംസ് പറയുന്നു
