ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ സമരങ്ങളുടെ അനന്തരഫലത്തെ കുറിച്ചുള്ള കണക്ക് കൂട്ടലിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. വിധി നടപ്പാക്കുമെന്ന് ആവർത്തിക്കുന്പോഴും സർക്കാറിനെതിരെ സാമുദായിക ധ്രൂവീകരണം ഉണ്ടാകുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. പ്രതിഷേധത്തിന്‍റെ ആനുകൂല്യത്തിനായുള്ള നീക്കങ്ങളിലാണ് യുഡിഎഫും ബിജെപിയും.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ സമരങ്ങളുടെ അനന്തരഫലത്തെ കുറിച്ചുള്ള കണക്ക് കൂട്ടലിലാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. വിധി നടപ്പാക്കുമെന്ന് ആവർത്തിക്കുന്പോഴും സർക്കാറിനെതിരെ സാമുദായിക ധ്രൂവീകരണം ഉണ്ടാകുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. പ്രതിഷേധത്തിന്‍റെ ആനുകൂല്യത്തിനായുള്ള നീക്കങ്ങളിലാണ് യുഡിഎഫും ബിജെപിയും.

സമദൂരത്തിനിടെയും സർക്കാറിനോട് പുലർത്തിയ അടുപ്പം വിട്ട് എൻഎസ്എസാണ് സമരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഭിന്നതകൾ മാറ്റി തന്ത്രി കുടുംബം, പന്തളരാജകുടുംബം യോഗക്ഷേമസഭ അടമുള്ള സംഘടനകളെയും എൻഎസ്എസ് ഒരുമിപ്പിക്കുന്നു. സമുദായ പ്രീണനത്തിനായി സ്ത്രീപ്രവേശനത്തിൽ നിലപാട് മാറ്റത്തിന് സിപിഎം തയ്യാറല്ല. പക്ഷെ സമുദായ സംഘടനകളുടെ പ്രതിഷേധം വളരുന്നതിൽ ആശങ്കയുമുണ്ട്. 

സാമുദായ സംഘടനകളെ കടന്നാക്രമിക്കാതെ കോൺഗ്രസിന്‍റെയും ബിജെപിയുടേയും എതിർപ്പുകളെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനം, ഈയാഴ്ച സിപിഎമ്മും സിപിഐയും ഉഭയകക്ഷി ചർച്ച നടത്തി തുടർനിലപാടെടുക്കും. പ്രതിഷേധം കനക്കുന്നതിൽ ഉള്ളിൽ സന്തോഷമുണ്ടെങ്കിലും ബിജെപി അന്തിമനേട്ടം കൊയ്യുമോ എന്നാണ് കോൺഗ്രസിനറെ ചിന്ത. 

കേന്ദ്ര കേരള സർക്കാറുകളെ ഒരുമിച്ച് കുറ്റപ്പെടുത്തി മുന്നോട്ട് പോകാനാണ് നീക്കം. എന്നാൽ ഉപവാസ സമരത്തിനപ്പുറത്തേക്കുള്ള പ്രക്ഷോഭങ്ങൾക്ക് പോകുന്നതിൽ തീരുമാനവുമായിട്ടില്ല. ബിജെപിയാകട്ടെ ഭൂരിപക്ഷ സമുദായങ്ങൾ ഒറ്റക്കെട്ടായി സർക്കാറിനെതിരെ അണിനിരക്കുന്നത് ഭാവിയിൽ രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ്. ഹിന്ദുസംഘടനകളെ ഒരുകൂടക്കീഴിലാക്കി ഒപ്പം നിർത്തണമെന്ന നിർദ്ദേശം അമിത്ഷാ നേരത്തെ തന്നെ കേരള നേതൃത്വത്തിന് നൽകിയിരുന്നു.