ദില്ലി: തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ വെറും കടലാസുകളായി മാറുന്ന കാലമാണ് ഇതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ വിമര്‍ശിച്ചു. അധികാരത്തിലേറിയാല്‍ വാഗ്ദാനങ്ങള്‍ സൗകര്യപൂര്‍വ്വം മറക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളാണുള്ളത്. വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കാന്‍ ലജ്ജിപ്പിക്കുന്ന ന്യായങ്ങളാണ് രാഷ്‌ട്രീയപാര്‍ട്ടികള്‍ നിരത്തുന്നതെന്നും ജസ്റ്റിസ് കെഹാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംഭവിക്കേണ്ട നവീകരണത്തെക്കുറിച്ചോ പാവപ്പെട്ടവരുടെ ഉന്നമത്തിനായുള്ള ക്രീയാത്മകനിര്‍ദ്ദേശങ്ങളോ പ്രകടനപത്രികയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ തെരഞ്ഞെടുപ്പ് രംഗത്തെ സാമ്പത്തിക പരിഷ്കരണത്തെ കുറിച്ചുള്ള സമ്മേളനത്തില്‍ രാഷ്‌ട്രപതിയുടെ സാന്നിധ്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ മുഴുവന്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് രാഷ്‌ട്രപതി പ്രണാബ്മുഖര്‍ജി പറഞ്ഞു. 1952ന് ശേഷം 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുതേടി ഒരു രാഷ്‌ട്രീയ പാര്‍ടിയും അധികാരത്തില്‍ വന്നിട്ടില്ലെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു..